എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ ക്രിസ്ത്യാനോയല്ല, ആരോപണവുമായി ചെക്ക് ഫുട്ബോൾ അസോസിയേഷൻ രംഗത്ത്

സൂപ്പർ കോപ്പ ഇറ്റാലിയ കിരീടം നേട്ടത്തിനൊപ്പം മറ്റൊരു നേട്ടം കൂടി യുവന്റസ് സൂപ്പർതാരം ക്രിസ്നോ റൊണാൾഡോ സ്വന്തമാക്കിയിരുന്നു. ലോകത്തെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന ഓസ്ട്രിയൻ ചെക്ക് റിപ്പബ്ലിക്ക് താരമായ ജോസഫ് ബികാൻ്റെ റെക്കോർഡാണ് ക്രിസ്ത്യാനോ മറികടന്നിരിക്കുന്നത്. നാപോളിക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ ഔദ്യോഗിക മത്സരങ്ങളിൽ നിന്നായി 760 ഗോളുകൾ ക്രിസ്ത്യാനോക്ക് നേടാൻ സാധിച്ചു.

ജോസഫ് ബികാൻ നേടിയത് 759 ഗോളുകളാണെങ്കിലും കണക്കിൽ പെടാത്ത 62 ഗോളുകൾ കൂടി ഔദ്യോഗിക മത്സരങ്ങളിൽ നിന്നും നേടിയിട്ടുണ്ടെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കിൻ്റെ ഫുട്ബോൾ അസോസിയേഷൻ. ബികാൻ്റെ റെക്കോർഡ് ക്രിസ്ത്യാനോ തകർത്തിട്ടില്ലെന്നാണ് ചെക്ക് ഫുട്ബോൾ അസോസിയേഷൻ്റെ വാദം.

ക്രിസ്ത്യാനോ റെക്കോർഡ് സ്വന്തമാക്കിയതിനു ശേഷം 24 മണിക്കൂറു കഴിഞ്ഞപ്പോൾ തന്നെ ചെക്ക് റിപ്പബ്ലിക്ക് ഫുട്ബോൾ അസോസിയേഷൻ ട്വിറ്ററിലൂടെ ഇക്കാര്യം നിഷേധിച്ചുകൊണ്ട് പ്രസ്താവനയിറക്കി. ” ചെക്ക് റിപ്പബ്ബിക് ഫുട്ബോൾ അസോസിയേഷൻ്റെ ഹിസ്റ്ററി ആൻറ് സ്റ്റാറ്റിസ്റ്റിക്സ് എണ്ണി തിട്ടപ്പെടുത്തിയതു പ്രകാരം ഇതിഹാസ താരം ജോസഫ് ബികാൻ ഔദ്യോഗിക മത്സരങ്ങളിൽ നിന്ന് നേടിയ ഗോളുകൾ 821 ആണെന്നു ഞങ്ങൾക്ക് പ്രസിദ്ധപ്പെടുത്തുകയാണ്.”

പ്രസ്താവന പ്രകാരം റെക്കോർഡ്‌ മറികടക്കാൻ ഇനിയും 62 ഗോളുകൾ കൂടി ക്രിസ്ത്യാനോ റൊണാൾഡോക്ക് നേരിടേണ്ടി വരുമെന്നാണ് ചെക്ക് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കുന്നത്. 1952ൽ ചെക്ക് ഫുട്ബോളിലെ രണ്ടാം ഡിവിഷനിൽ ജോസഫ് ബികാൻ നേടിയ ഗോളുകൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അതുകൂടി ചേർത്തപ്പോൾ 821 ഗോളുകളുണ്ടെന്നാണ് ചെക്ക് ഫുട്ബോൾ അസോസിയേഷൻ കമ്മിറ്റിയുടെ തലവനായ ജറോസ്ലാവ് കോളർ വ്യക്തമാക്കുന്നത്. ഇതിനു മുമ്പ് പെലെയുടെ റെക്കോർഡ്‌ ലയണൽ മെസി മറികടന്നപ്പോൾ സാൻ്റോസും ഇത്തരത്തിൽ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

You Might Also Like