മുപ്പതിന് ശേഷം പോർച്ചുഗലിന്റെ വജ്രായുധമായി ക്രിസ്ത്യാനോ റൊണാൾഡോ, 35കാരൻ ക്രിസ്ത്യാനോയുടെ അത്ഭുതപ്പെടുത്തുന്ന കണക്കുകൾ

Image 3
FeaturedFootballInternational

സ്വീഡനെതിരെയുള്ള ഇരട്ടഗോൾ നേട്ടത്തോടെ ക്രിസ്ത്യാനോ റൊണാൾഡോ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ചിരുന്നു. മുപ്പത്തിയഞ്ചുവയസ്സുകാരന്റെ തളർച്ചയോ ആത്മവിശ്വാസക്കുറവോ ഇല്ലാതെ ഇരുപതുകാരന്റെ ചുറുചുറുക്കും കരുത്തുമാണ് റൊണാൾഡോയിൽ നമുക്ക് കാണാനാവുന്നത്. അത് തന്നെയാണ് അദ്ദേഹം നേടിയ ഗോളുകളും കിരീടങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

മുപ്പത് വയസ്സിന് ശേഷം അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് റൊണാൾഡോ സ്വന്തം കരിയറിൽ കുറിച്ചിട്ടുള്ളത്. മുപ്പത്തിയഞ്ചുവയസ്സായ, അദ്ദേഹത്തിന്റെ സമപ്രായക്കാരിൽ പലരും ഇപ്പോൾ ചൈനയിലോ അറബ് രാജ്യങ്ങളിലോ കരിയറിന്റെ അവസാനകാലഘട്ടം കളിച്ചുതീർക്കുമ്പോൾ റൊണാൾഡോ ഇറ്റാലിയൻ ലീഗിൽ ഗോളടിച്ചു മുന്നേറുകയാണ്. കൂടുതൽ ഊർജ്ജസ്വലനായി ഓരോ ദിവസവും തന്റെ പ്രകടനം മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഈ പോർച്ചുഗീസ് ഹീറോ.

ഈ സീസണിൽ യുവന്റസിന് വേണ്ടി 37 ഗോളുകളാണ് റൊണാൾഡോ അടിച്ചു കൂട്ടിയത്. മുപ്പത് വയസ്സിന് ശേഷമുള്ള ക്രിസ്ത്യാനോയുടെ പ്രകടനമികവ് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. റൊണാൾഡോ മുപ്പത് വയസിനു മുമ്പ് പോർച്ചുഗലിന് വേണ്ടി 118 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ മാത്രമായിരുന്നു നേടിയിരുന്നത്. എന്നാൽ അതിന് ശേഷം റൊണാൾഡോ പോർചുഗലിനുവേണ്ടി 47 മത്സരങ്ങളിൽ നിന്ന് 49 ഗോളുകളാണ് അടിച്ചു കൂട്ടിയത്.

ചുരുക്കിപറഞ്ഞാൽ മുപ്പത് വയസിനു ശേഷം ക്രിസ്ത്യാനോ റൊണാൾഡോ അതിന് ശേഷം ഗോൾവേട്ടയിൽ പോർച്ചുഗലിന്റെ വജ്രായുധമായി മാറുകയായിരുന്നു.വെറും അഞ്ച് വർഷങ്ങൾ കൊണ്ടാണ് റൊണാൾഡോ പോർച്ചുഗൽ ഇതിഹാസങ്ങളായ പൗലേറ്റ, യുസേബിയോ, ഫിഗോ എന്നിവർ പോർച്ചുഗലിന് വേണ്ടി നേടിയ ഗോളുകളെ മറികടന്നത്. ഇനി ആകെ കണക്കുകൾ എടുത്ത് നോക്കിയാൽ മുപ്പത് വയസ്സിന് ശേഷം റൊണാൾഡോ അടിച്ചു കൂട്ടിയത് 276 ഗോളുകളാണ്. മുപ്പതിനു ശേഷം ഏവരെയും അതിശയിപ്പിക്കുന്ന കണക്കുകളാണ് ക്രിസ്ത്യാനോയെന്ന മുപ്പത്തഞ്ചുകാരന്റേത്.