യുവന്റസ് മടുത്തു, റയലിലേക്ക് തിരിച്ചുവരവിനൊരുങ്ങി ക്രിസ്ത്യാനോ

Image 3
FeaturedFootballSerie A

2018 സമ്മറിൽ റയൽ മാഡ്രിഡ്‌ വിട്ടു യുവന്റസിലേക്ക് ചേക്കേറിയ സൂപ്പർതാരമാണ് ക്രിസ്ത്യാനോ റൊണാൾഡോ. റയൽ മാഡ്രിഡിനായി 9 വർഷത്തെ കരിയറിൽ 438 മത്സരങ്ങളിൽ നിന്നായി 450 ഗോളുകൾ നേടിയാണ് താരം സാന്റിയാഗോ ബെർണബ്യുവിടുന്നത്. പെരെസുമായി കരാറുമായി ബന്ധപ്പെട്ടുണ്ടായ നീരസത്തിനൊടുവിലാണ് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് 100 മില്യൺ യൂറോയ്ക്ക് അപ്രതീക്ഷിത ട്രാൻഫർ നടക്കുന്നത്.

യുവന്റസിനായി മികച്ച പ്രകടനം തുടരുന്ന ക്രിസ്ത്യാനോയുടെ വിടവ് നികത്താൻ റയൽ മാഡ്രിഡിനു ഇതു വരെ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇറ്റലിയിലേക്ക് കൂടുമാറിയത്തിന് ശേഷം റൊണാൾഡോ റയലിൽ പഴയ ബന്ധം പുലർത്തിയത് ചങ്ങാതിയായ മാഴ്‌സെലോയോട് മാത്രമാണ്. എന്നാൽ പിന്നീട് കഴിഞ്ഞ സീസണിലെ അവസാന എൽ ക്ലാസിക്കോക്ക് ഫ്ലോരെന്റിനോ പെരസിനോട് ഒരു സീറ്റ്‌ ആവശ്യപ്പെട്ടതോടെ സാഹചര്യങ്ങൾ മാറി മറിയുകയായിരുന്നു.

ഇപ്പോൾ റയൽ മാഡ്രിഡുമായി മികച്ച ബന്ധമാണ് ക്രിസ്ത്യാനോ നിലനിർത്തിപ്പോരുന്നത്. കോവിഡ് പ്രതിസന്ധി മൂലം ക്രിസ്ത്യാനോയുടെ യുവന്റസിലെ സ്ഥിതി അത്ര മികച്ചതല്ലയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രിസ്ത്യാനോക്ക് പുതിയ കരാർ ഓഫർ ചെയ്യുന്നതിന് പകരം ക്രിസ്ത്യനോയെ വിറ്റു കാശാക്കാനുള്ള പദ്ധതിയിലാണ് യുവന്റസ് എന്നാണ് അറിയാനാവുന്നത്.

ഈ അവസരത്തിൽ റയൽ മാഡ്രിഡിലേക്ക് തിരിച്ചു പോവാൻ ക്രിസ്ത്യാനോ ആലോചിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഒരു തിരിച്ചുവരവിന് വേണ്ടി ചിന്തിക്കുന്ന ക്രിസ്ത്യാനോ റയലിനെ സമീപിച്ചുവെന്നാണ് അറിയാനാകുന്നത്. എന്നാൽ കോവിഡ് മൂലം പ്രതിസന്ധിയിലായ റയൽ മാഡ്രിഡ്‌ ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്.