ക്രിസ്ത്യാനോ വലിച്ചെറിഞ്ഞ ആംബാൻഡ് ഇനി പിഞ്ചുബാലന്റെ ജീവന്റെ വില, ശസ്ത്രക്രിയക്കായി പണം സ്വരൂപിക്കാൻ ലേലത്തിൽ വെക്കുന്നു

Image 3
FeaturedFootballInternational

സെർബിയക്കെതിരായ മത്സരത്തിൽ വിജയഗോൾ റഫറി നിഷേധിച്ചതിനെ തുടർന്ന് രോഷാകുലനായി ക്യാപ്റ്റൻ ആംബാൻഡ് വലിച്ചെറിഞ്ഞു നടന്നകന്ന ക്രിസ്ത്യാനോക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാലിപ്പോൾ ആ ആംബാൻഡ് കുരുന്നു ജീവന്റെ രക്ഷക്കെത്തിയിരിക്കുകയാണ്. ആ ആംബാൻഡ് ലേലത്തിൽ വെച്ചു കിട്ടുന്ന തുക സെർബിയയിലെ പിഞ്ചുബാലന്റെ സർജറിക്കായി ഉപയോഗിക്കാനാണ് ഒരു ചാരിറ്റി ഗ്രൂപ്പ്‌ ലക്ഷ്യമിടുന്നത്.

ക്രിസ്ത്യാനോ വലിച്ചെറിഞ്ഞ ആംബാൻഡ് ബെൽഗ്രേഡിലെ സ്റ്റേഡിയം ജോലിക്കാരൻ ഒരു ചാരിറ്റി ഗ്രൂപ്പിനു നൽകുകയായിരുന്നു. മൂന്നു ദിവസങ്ങൾക്കകം ഈ ആം ബാൻഡ് ലേലത്തിൽ വെക്കുമെന്നാണ് റിപ്പോർട്ടുകൾ. ആറു മാസം മാത്രം പ്രായമുള്ള സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന അപൂർവ രോഗം ബാധിച്ച ബാലകനു സർജറിക്കായി ലേല ശേഷം ലഭിച്ച തുക നൽകാനാണ് ലക്ഷ്യം.

ഇഞ്ചുറി ടൈം തീരുന്നതിനു തൊട്ടുമുൻപാണ് ക്രിസ്ത്യാനോ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു കളം വിടുന്നത്. ഗോളെന്നുറച്ചു പോസ്റ്റിലേക്ക് തട്ടിയിട്ട പന്ത് സെർബിയ താരം മിത്രോവിച്ച് ഗോൾവരയിൽ നിന്നും തട്ടിയകറ്റുകയായിരുന്നു. റീപ്ലേയിൽ അത് ഗോൾവര കടന്നതായി വ്യക്തമായി കാണിച്ചിരുന്നു. വീഡിയോ റഫറിയിങ്ങും ഗോൾ ലൈൻ ടെക്നോളജിയും ഇല്ലാത്തതിനാൽ പ്രധാനറഫറിയുടെ തീരുമാനം അന്തിമമായി കണക്കാക്കുകയായിരുന്നു.

ഈ തീരുമാനത്തിൽ ക്രിസ്ത്യാനോ റഫറിയോട് കയർത്തെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും അമിതരോഷത്തിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഇഞ്ചുറി ടൈം അവസാനിക്കുന്നതിനു മുൻപ് തന്നെ ക്യാപ്റ്റൻ ആംബാൻഡും വലിച്ചെറിഞ്ഞു ക്രിസ്ത്യാനോ കളം വിടുകയായിരുന്നു. നിരാശയുടെ പുറത്ത് അങ്ങനെ ചെയ്തെങ്കിലും ആംബാൻഡ് ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന്റെ വിലയാകുന്ന വാർത്തയാണിപ്പോൾ ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്.