റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി റോണോ കുതിക്കുന്നു, വെള്ളകുതിരയെ പിടിച്ചുകെട്ടാന്‍ ആര്‍ക്കാകും?

Image 3
FeaturedFootball

ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് മുപ്പത്തിയഞ്ചാം വയസിലും റെക്കോര്‍ഡുകള്‍ പുത്തരിയല്ലാതായിരിക്കുകയാണ്. യുവന്റസിനു വേണ്ടി ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍താരം ഫുട്‌ബോള്‍ ചരിത്രത്തിലെ തന്റെ അടുത്ത റെക്കോർഡിലെത്തി നിൽക്കുകയാണ്.

ലാസിയോയുമായി നടന്ന മത്സത്തിൽ യുവന്റസിന് വേണ്ടി ഇരട്ട ഗോളുകൾ നേടിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാലിഗ, സിരീ എ എന്നീ മൂന്ന് ലീഗുകളിൽ അൻപത് ഗോളുകൾ നേടുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിരിക്കുകയാണ്. കേവലം രണ്ട് സീസണുകൾ കൊണ്ടാണ് ക്രിസ്റ്റ്യാനോ
റൊണാൾഡോ അൻപത് ഗോളുകൾ സിരി എയിൽ അടിച്ചു കൂട്ടിയത്.

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ മൂന്നെണ്ണത്തിൽ അൻപത് ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമാവാനും ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞു. മുൻപ് എഡിൻ ജെക്കോ ആയിരുന്നു ഈ നേട്ടം കൈവരിച്ചിരുന്നത്.ഇപിഎൽ, സിരി എ, ബുണ്ടസ്ലിഗ എന്നീ ലീഗുകളിൽ ആയിരുന്നു അൻപത് ഗോളുകൾ തികച്ചിരുന്നത്. മാഞ്ചസ്റ്റർ സിറ്റി, വോൾഫ്സ്ബർഗ്, റോമ എന്നീ ക്ലബുകൾക്ക് വേണ്ടിയായിരുന്നു അത്.

ഇതിനൊപ്പം നേടിയ മറ്റൊരു റെക്കോർഡ് സിരീഎയിൽ ഏറ്റവും വേഗത്തിൽ അൻപത് ഗോളുകൾ തികക്കുന്ന താരം എന്നുള്ളതാണ്. കേവലം 61 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ അൻപത് ഗോളുകൾ നേടിയത്. ഇതിന് മുൻപ് ലീഗിൽ ഏറ്റവും വേഗത്തിൽ അൻപത് ഗോളുകൾ നേടിയത് ആന്ദ്രെ ഷെവ്ച്ചെങ്കോ ആണ്. എസി മിലാന്റെ താരമായിരുന്ന ഇദ്ദേഹം 68 മത്സരങ്ങളിൽ നിന്നാണ് 50 ഗോളുകൾ നേടിയത്. ആ റെക്കോർഡാണിപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തകർത്തത്.