ലാസിയോക്കെതിരെ ക്രിസ്ത്യാനോയെ ബെഞ്ചിലിരുത്തിയത് മികച്ച തീരുമാനം, പിർലോക്ക് പ്രശംസയുമായി യുവന്റസ് ഇതിഹാസം

Image 3
FeaturedFootballSerie A

ലാസിയോക്കെതിരായി നടന്ന സീരി എ മത്സരത്തിൽ യുവന്റസിനു മികച്ച വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു. ക്രിസ്ത്യാനോ റൊണാൾഡോ ബെഞ്ചിലിരുന്ന മത്സരത്തിൽ ലാസിയോക്ക് വേണ്ടി ജോവാക്കിൻ കൊറെയ നേടിയ ഗോളിനു പിറകിൽ നിന്ന ശേഷം ശക്തമായ തിരിച്ചു വരവാണ് യുവന്റസ് നടത്തിയത്. അഡ്രിയാൻ റാബിയോട്ടിന്റെ സമനില ഗോളിനു പിന്നാലെ അൽവാരോ മൊറാട്ടയുടെ ഇരട്ട ഗോൾ പ്രകടനമാണ് യുവന്റസിനു മികച്ച വിജയം സമ്മാനിച്ചത്.

എന്നാൽ ലാസിയോക്കെതിരെ ക്രിസ്ത്യാനോയെ ബെഞ്ചിലിരുത്താൻ പിർലോയെടുത്ത തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുവന്റസ് ഇതിഹാസതാരം ഡെൽ പിയെറോ. മികച്ച താരങ്ങൾക്ക് വിശ്രമം നൽകിയത് പോർട്ടൊക്കെതിരെ ചാമ്പ്യൻസ്‌ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വഴിയൊരുക്കുമെന്നാണ് പിയെറോ വിലയിരുത്തുന്നത്. സ്കൈ സ്പോർട്സ് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇത്തരത്തിലൊരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല കാരണം യുവന്റസ് ശാരീരികമായി കുറച്ചു ആഴ്ചകളായി വലിയ ബുദ്ദിമുട്ടിലായിരുന്നു. പിർലോയുടെയും അവന്റെയും ഭാഗത്തുനിന്നും അതൊരു ബുദ്ധിപരമായ നീക്കമായിരുന്നു. യുവന്റസ് ആറു സ്റ്റാർട്ടർ താരങ്ങളില്ലാതെയാണ് കളിച്ചത്. അവർക്ക് വിശ്രമം നൽകി. അതുകൊണ്ടു തന്നെ അവർ അടുത്ത കളിക്ക് സജ്ജരാണ്.”

“ലാസിയോക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പക്ഷെ യുവന്റസ് പോരാടുകയാണുണ്ടായത്. അവർ സ്ഥിരത കാണിച്ചത് അടുത്ത പോർട്ടോയുമായുള്ള മത്സരത്തെ സംബന്ധിച്ചു ശുഭകരമായ വാർത്തയാണ്. യുവന്റസിനു ഒരു മികച്ച മത്സരം തന്നെ ആവശ്യമായി വരും. പോർച്ചുഗലിൽ കിയേസ നേടിയ ഗോൾ സുപ്രധാനമാണ്. ആദ്യപാദത്തിലേതു പോലെ പോർട്ടോ ഉഗ്രത നിലനിർത്തുകയാണെങ്കിൽ യുവന്റസിനു അത് ബുദ്ധിമുട്ടായേക്കും. ഇതൊരു വലിയ വെല്ലുവിളിയാകുമെങ്കിലും അവർ ഇപ്പോൾ മികച്ച നിമിഷങ്ങളിലൂടെയാണ് കടന്നു പോവുന്നത്. യുവന്റസ് മുൻപ് കുറച്ചു പിറകോട്ടു പോയെങ്കിലും ഇപ്പോൾ മികവിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.” പിയെറോ പറഞ്ഞു.