ഗോൾവേട്ടയിൽ ലോകരാജാവായി ക്രിസ്ത്യാനോ, ഇറ്റാലിയൻ സൂപ്പർ കോപ്പ കിരീടം യുവന്റസിനു

ഇറ്റാലിയൻ സൂപ്പർകപ്പ് ഫൈനലിൽ നാപോളിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയിരിക്കുകയാണ് യുവന്റസ്. യുവന്റസിനായി ക്രിസ്ത്യാനോ റൊണാൾഡോയും അൽവാരോ മൊറാട്ടയുമാണ് ഗോൾവല കുലുക്കിയത്. മത്സരത്തിൽ നാപോളിക്ക് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും സൂപ്പർതാരം ഇൻസിഗ്നെ അത് പാഴാക്കുകയായിരുന്നു.

ഫൈനലിൽ ഗോൾ നേടാനായതോടെ റൊണാൾഡോ മറ്റൊരു റെക്കോർഡ് കൂടി മറികടന്നിരിക്കുകയാണ്. ലോകഫുട്ബോളിലെ തന്നെ മികച്ച ഗോൾവേട്ടക്കാരിലൊരാളായ ക്രിസ്ത്യാനോ ഔദ്യോഗിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഓസ്ട്രിയൻ ചെക്ക് റിപ്പബ്ലിക് താരമായ ജോസഫ് ബികാന്റെ 759 ഗോളുകളെന്ന റെക്കോർഡാണ് ക്രിസ്ത്യാനോ മറികടന്നത്.

സൂപ്പർകപ്പ്‌ ഫൈനലിൽ യുവന്റസിന്റെ ആദ്യ ഗോൾ നേട്ടത്തിലൂടെ 760 ഗോളുകൾ ഔദ്യോഗിക മത്സരങ്ങളിൽ നിന്നും നേടാം ക്രിസ്ത്യാനോക്ക് സാധിച്ചു. നാലു ക്ലബ്ബുകൾക്കും പോർച്ചുഗലിനും വേണ്ടി നേടിയ ഗോളുകളാണ് ഇക്കൂട്ടത്തിലുള്ളത്. അനൗദ്യോഗിക കണക്കുകൾ നോക്കിക്കഴിഞ്ഞാൽ പെലെയും ജോസഫ് ബികാനും ക്രിസ്ത്യനോയേക്കാൻ ബഹുദൂരം മുന്നിലാണെങ്കിലും ഔദ്യോഗിക ഗോളുകളിൽ ക്രിസ്ത്യാനോ ഇവരെയെല്ലാം മറികടന്നിരിക്കുകയാണ്‌.

പോർചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമാക്കിയ താരമാണ് ക്രിസ്ത്യാനോ. 102 ഗോളുകളാണ് ക്രിസ്ത്യാനോ പോർചുഗലിനായി അടിച്ചു കൂട്ടിയിരിക്കുന്നത്. ക്ലബ്ബുകളിൽ സ്പോർട്ടിങ് ലിസ്ബണു വേണ്ടി 5 ഗോളുകളും മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി 118 ഗോളുകളും റയൽ മാഡ്രിഡിനു വേണ്ടി 450 ഗോളുകളും നിലവിൽ യുവന്റസിനായി 85 ഗോളുകളും നേടാൻ ക്രിസ്ത്യാനോക്ക് സാധിച്ചിട്ടുണ്ട്. 35ആം വയസിലും യുവന്റസിനായി മികച്ച പ്രകടനം തുടരുന്ന ക്രിസ്ത്യാനോ ഇനിയും ഗോളുകൾ അടിച്ചു കൂട്ടുമെന്നതിൽ യാതൊരു തർക്കവുമില്ല.

You Might Also Like