ഗോൾവേട്ടയിൽ ലെവൻഡോസ്കിയെ മറികടന്നു, പ്രായം തളർത്താത്ത പോരാളിയായി റൊണാൾഡോ

Image 3
FeaturedFootballSerie A

ഫുട്ബോളിൽ പ്രായമൊരു പ്രശ്നമല്ലെന്നു  വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്ത്യാനോ  റൊണാൾഡോ. മുപ്പത്തിയഞ്ചാം വയസിലും ക്രിസ്ത്യാനോ  റൊണാൾഡോയുടെ ഗോളടിമികവും പ്രതിഭയും  ഒട്ടും ചോർന്നു പോയിട്ടില്ലെന്നു ഫുട്ബോൾ  ലോകത്തിനു കാണിച്ചുകൊടുത്തു കൊണ്ടിരിക്കുകയാണ്. 

കോവിഡിൽ നിന്നും  മുക്തനായി തിരിച്ചെത്തിയ റൊണാൾഡോ  രണ്ടു ഗോളുകളാണ് സ്പെസിയക്കെതിരായ സീരി എ മത്സരത്തിൽ അടിച്ചുകൂട്ടിയത്. മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക്  യുവന്റസ് വിജയം കൈപ്പിടിയിലൊതുക്കുകയും ചെയ്തിരുന്നു.  മത്സരശേഷം “ക്രിസ്ത്യാനോ തിരിച്ചെത്തിയിരിക്കുന്നു. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം” എന്നു പറഞ്ഞത്  റൊണാൾഡോയുടെ നിശ്ചയദർഷ്ട്യത്തെ എടുത്തു കാണിക്കുന്ന ഒന്നാണ്.

അത് റെക്കോർഡുകളിലേക്കും റൊണാൾഡോക്ക് ഊർജം പകരുന്നുണ്ട്. സ്പെസിയക്കെതിരെ ഇരട്ടഗോൾ നേടിയതോടെ യൂറോപ്പിലെ  ആദ്യ  അഞ്ചു ലീഗുകളിൽ ഈ വർഷത്തിൽ  ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാവാൻ  ക്രിസ്ത്യാനോക്ക് സാധിച്ചിരിക്കുകയാണ്. ബയേണിന്റെ റോബർട്ട്‌ ലെവൻഡോവ്സ്കിയെ മറികടന്നാണ്  ക്രിസ്ത്യാനോ ഗോളടിയിൽ മുന്നിലെത്തിയിരിക്കുന്നത്. സൂപ്പർതാരം ലയണൽ മെസിക്ക് വെറും 13 ഗോളുകൾ മാത്രമാണ് നേടാനായത്.

ഈ വർഷം  സീരി എയിൽ  22 മത്സരങ്ങളിൽ  നിന്നായി  26 ഗോളുകളാണ്  ക്രിസ്ത്യാനോ  സ്വന്തമാക്കിയത്. ഈ വർഷം കാഗ്ലിയാരിക്കെതിരെ ഹാട്രിക്ക് നേടിക്കൊണ്ടാണ് റൊണാൾഡോ ഗോൾവേട്ട ആരംഭിക്കുന്നത്. 19 മത്സരങ്ങളിൽ നിന്നും 25 ഗോളുകൾ നേടി ലെവൻഡോവ്സ്കിയാണ് രണ്ടാം സ്ഥാനത്ത്. 22ഗോളുകളുമായി ഇമ്മൊബിലെയും 18 ഗോളുകൾ നേടി കപുട്ടോയും ഹാളണ്ടും 17 ഗോളുകളുമായി സലായും ഇബ്രാഹിമോവിച്ചുമാണ് താരത്തിനു പിറകിലുള്ളത്.