ക്ഷമിക്കണം! 20 വർഷം കൂടി ഇനി എനിക്ക് നൽകാനാവില്ല, പിറന്നാൾ ആശംസകൾക്ക് നന്ദി അറിയിച്ച് ക്രിസ്ത്യാനോ

യുവന്റസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ തന്റെ 36-ാം പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ്. ഇത്രയും വർഷത്തെ ഫുട്ബോളിലെ അനുഭവസമ്പത്തും നേട്ടങ്ങളും റൊണാൾഡോയെ ലോകത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളാക്കി മാറ്റാൻ സഹായിച്ചിട്ടുണ്ട്. 36-ാമത്തെ വയസിലെത്തി നിൽക്കുമ്പോൾ തന്റെ ഇത്രയും വർഷത്തെ ഫുട്ബോൾ കരിയറിലെ അനുഭവങ്ങളെക്കുറിച്ച് ആരാധകരോട് മനസു തുറന്നിരിക്കുകയാണ് ക്രിസ്ത്യാനോ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകർ തനിക്കു നൽകിയ വലിയ പിന്തുണക്കും ആശംസകൾക്കും കൂടി നന്ദിയറിയിച്ചത്.

“36 വയസ്സ്, ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എല്ലാം ഇന്നലെ തുടങ്ങിയതു പോലെയുണ്ട്. പക്ഷേ ഈ യാതയിൽ ഒരുപാട് സാഹസികതയും ഓർമിക്കാനായി നിരവധി കഥകളുമുണ്ട്. എൻ്റെ ആദ്യ പന്ത്, ആദ്യ ടീം, ആദ്യ ഗോൾ… സമയം പോയിക്കൊണ്ടിരിക്കുകയാണ്. മെദീരയിൽ നിന്നും ലിസ്ബണിലേക്ക്, ലിസ്ബണിൽ നിന്നും മാഞ്ചസ്റ്ററിലേക്ക്, മാഞ്ചസ്റ്ററിൽ നിന്നും മാഡ്രിഡിലേക്ക്, മാഡ്രിഡിൽ നിന്നും ടുറിനിലേക്ക്. ഇതിനെല്ലാം മുകളിൽ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ലോകത്തിലേക്ക്.

“ഒരിക്കലും പിന്നോട്ടു പോവാതെ എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. എന്റേതായ എല്ലാ മികവും പുറത്തെടുക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. അതിനു പകരമായി എനിക്ക് നിങ്ങൾ സ്നേഹവും ആരാധനയും സാന്നിധ്യവും നിരുപാധികമായ പിന്തുണയും തിരിച്ചു തന്നു. എനിക്ക് അതിനെല്ലാം എപ്പോഴും നന്ദി പറയാൻ സാധിച്ചിട്ടില്ല. നിങ്ങളില്ലാതെ ഇതൊന്നും എനിക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല. ഈ 36ആം പിറന്നാൾ ആഘോഷിക്കുമ്പോൾ ഒരു പ്രൊഫഷണൽ ഫുട്ബോളറായി എന്റെ 20-ാമത്തെ വർഷമാണ് കടന്നു പോയത്. ”

“എന്നോട് ക്ഷമിക്കണം, ഇതു പോലെ മറ്റൊരു 20 വർഷം കൂടി നിങ്ങൾക്ക് നൽകാൻ എനിക്ക് സാധിക്കില്ല. പക്ഷെ ഒരു കാര്യം എനിക്കു ഉറപ്പു നൽകാനാവുന്നത് ഞാൻ എത്രത്തോളം മുന്നോട്ടു പോവുന്നുവോ അത്രത്തോളം എന്റെ നൂറുശതമാനത്തിൽ കുറഞ്ഞൊന്നും ഞാൻ നിങ്ങൾക്ക് നൽകില്ല. ഈ ദിവസത്തിൽ നിങ്ങൾ അയച്ച സന്ദേശങ്ങൾക്കും പിന്തുണക്കും ഞാൻ ഒരിക്കൽ കൂടി നന്ദി അറിയിക്കുകയാണ്. എന്നെ സംനന്ദിച്ചിടത്തോളം ഇതു വലിയ കാര്യമാണ്. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയത്തിൽ ഒരു വിശേഷസ്ഥാനമാണ് നൽകിയിരിക്കുന്നത്. ” റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

You Might Also Like