ഇന്ത്യയില്‍ സംഭവിച്ചതെന്ത്? പരസ്യമായി പൊട്ടിക്കരഞ്ഞ് കിവീസ് താരം

ഐപിഎള്‌ലിലനിടെ ഇന്ത്യയില്‍വച്ച് കോവിഡ് പോസിറ്റീവായ അനുഭവം പങ്കുവയ്ക്കവെ കണ്ണീരണിഞ്ഞ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ടിം സീഫര്‍ട്ട്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) 14ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരിക്കെയാണ് ടിം സീഫര്‍ട്ടിനു കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍വച്ച് കോവിഡ് പോസിറ്റീവായ അനുഭവം ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയുമായി പങ്കുവയ്ക്കവേയാണ്? ടിം കരഞ്ഞുപോയത്.

‘എനിക്ക് കോവിഡാണെന്ന് അറിഞ്ഞ നിമിഷം, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷം അതായിരുന്നു. ലോകം ഒരുനിമിഷം നിശ്ചലമായതായി തോന്നിപ്പോയി. എന്താണ് ഇനി സംഭവിക്കുകയെന്ന് ഒരു പിടിയും കിട്ടിയില്ല. അതാണ് നമ്മെ ഏറ്റവും ഭയപ്പെടുന്ന കാര്യം. മോശം കാര്യങ്ങള്‍ മാത്രമാണ് ആ സമയത്തു നമ്മള്‍ കേള്‍ക്കുന്നത്. അതെല്ലാം എനിക്കും സംഭവിക്കുമെന്ന് തോന്നിപ്പോയി. ഇതെല്ലാം ഏറെ ബുദ്ധിമുട്ടി’ സീഫര്‍ട്ട് വിവരിച്ചു.

‘എനിക്ക് ചെറിയ തോതില്‍ ചുമയുണ്ടായിരുന്നു. അത് ആസ്തമയുടെ പ്രശ്‌നമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ ഹൃദയം നിലച്ചുപോയി. ഞാന്‍ നേരെ മുറിയിലേക്കു പോയി. അടുത്ത നടപടി എന്താണെന്ന് ആലോചിച്ചു’ സീഫര്‍ട്ട് പറഞ്ഞു.

ഇതിനിടെ, കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ മറ്റു ന്യൂസീലന്‍ഡ് താരങ്ങള്‍ നാട്ടിലേക്കു മടങ്ങിയത് അനിശ്ചിതാവസ്ഥ വര്‍ധിപ്പിച്ചെന്ന് സീഫര്‍ട്ട് പറഞ്ഞു.

‘കോവിഡാണെന്ന് മനസ്സിലാക്കിയ നിമിഷം ഏറ്റവും ഭയപ്പെടുത്തിയ കാര്യം, ചുറ്റിലും നിന്ന് കേള്‍ക്കുന്ന മോശം വാര്‍ത്തകളാണ്. ആളുകളോട് സംസാരിച്ചാലും മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ അറിയാന്‍ ശ്രമിച്ചാലും അതുതന്നെ അവസ്ഥ. ഇതെല്ലാം സംഭവങ്ങളുടെ നെഗറ്റീവ് വശം മാത്രമാണ്. പക്ഷേ, കോവിഡിനെ മറികടന്ന ഒട്ടേറെപ്പേരുണ്ട്. അവരുടെ അനുഭവങ്ങള്‍ എന്നെയും സഹായിച്ചു’ സീഫര്‍ട്ട് പറഞ്ഞു. കോവിഡ് ബാധിച്ചതിനു ശേഷം ചെന്നൈയില്‍ കഴിയുന്ന കാലത്ത് സഹായിച്ച ന്യൂസീലന്‍ഡ് താരങ്ങളായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം, ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് എന്നിവര്‍ക്ക് നന്ദി പറയുമ്പോള്‍, സീഫര്‍ട്ടിന് കണ്ണീരടക്കാനായില്ല.

‘ഇന്ത്യയില്‍വച്ച് ഐപിഎല്‍ നടക്കുമ്പോള്‍ ഞാന്‍ അതിന്റെ ഭാഗമാകുന്നത് ആദ്യമായിട്ടാണ്. മക്കല്ലത്തിനും ഫ്‌ലെമിങ്ങിനും ഇന്ത്യയില്‍ ആഴമേറിയ ബന്ധങ്ങളുണ്ട്. കോവിഡ് ബാധിച്ച സമയത്ത് മറ്റു താരങ്ങളേക്കാള്‍ എനിക്ക് ഏറ്റവും ആശ്വാസം ലഭിച്ചത് ഇവരോട് സംസാരിക്കുമ്പോഴാണ്. അവര്‍ എന്നെ ഒരുപാട് സഹായിച്ചു. ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമായിരുന്നെങ്കിലും അവര്‍ ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി പറയാനാകില്ല. അവര്‍ എന്റെ കോവിഡ് കാല ജീവിതം അനായാസമാക്കി’ സീഫര്‍ട്ട് പറഞ്ഞു.

ടീമംഗങ്ങള്‍ക്കൊപ്പം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബയോ സെക്യുര്‍ ബബ്‌ളിലാണ് കഴിഞ്ഞതെങ്കിലും, ഇതിനിടെയാണ് താരത്തിന് കോവിഡ് ബാധിച്ചത്. കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാരിയര്‍ എന്നിവര്‍ക്കു പിന്നാലെയാണ് സീഫര്‍ട്ടിനും കോവിഡ് സ്ഥിരീകരിച്ചത്.

 

You Might Also Like