പ്രതികാരത്തിന്റെ പരമ്പര, ലോകകപ്പ് ഫൈനല്‍ തോല്‍വിയ്ക്ക് ഇന്ത്യയോട് ആ ടീം കണക്ക് തീര്‍ത്തതിങ്ങനെ

Image 3
CricketTeam India

കെ നന്ദകുമാര്‍പിള്ള

99 പന്തില്‍ 149 റണ്‍സ്. 38 വര്ഷം മുന്‍പ്, അതായത് 1983 ല്‍, കിംഗ് വിവിയന്‍ അലക്‌സാണ്ടര്‍ റിച്ചാര്‍ഡ്സ് ഇന്ത്യക്കെതിരെ ജംഷെദ്പൂരില്‍ നടന്ന ഏകദിനത്തില്‍ അടിച്ചു കൂട്ടിയ റണ്‍സ് ആണിത്. 45 ഓവര്‍ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് നേടിയത് 333. ഇന്നത്തെ കാലഘട്ടത്തിലെ ഏതോ മത്സരത്തിലെ സ്‌കോര്‍ ആണെന്ന് തോന്നാം അല്ലെ.

1983 ലോകകപ്പ് വാര്‍ത്തകള്‍ നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിനു ശേഷം നടന്ന ഒരു പ്രതികാരത്തിന്റെ കഥ അറിയാവുന്നവര്‍ കുറവായിരിക്കും. ഫൈനലിലെ പരാജയത്തിന് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയോട് കണക്കു തീര്‍ത്ത കഥ.

ലോര്‍ഡ്സില്‍ നടന്ന ഫൈനലിന് ശേഷം നാലു മാസം കഴിഞ്ഞപ്പോള്‍ ഒരു ഫുള്‍ സീരീസിനായി വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ എത്തി. അഞ്ചു ടെസ്റ്റുകളും അഞ്ചു ഏകദിനങ്ങളും അടങ്ങിയ പരമ്പര. പരമ്പര അവസാനിച്ചത് ഇങ്ങനെ : 5 – 0 നു ഏകദിന സീരീസും 3 – 0 നു ടെസ്റ്റ് സീരീസും വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചു.

ആ സീരീസിലെ നാലാമത്തെ മത്സരമായിരുന്നു ജംഷെദ്പൂരില്‍ നടന്നത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 27 ല്‍ ഹെയ്ന്‍സിനെ നഷ്ടപ്പെട്ടെങ്കിലും അടുത്ത ഒരു വിക്കറ്റ് നേടാന്‍ ഇന്ത്യക്ക് 248 വരെ കാത്തിരിക്കേണ്ടി വന്നു. ഗ്രീനിഡ്ജ് 115 ഉം റിച്ചാര്‍ഡ്സ് 149 (4 ഃ 20, 6 ഃ 3) ഉം നേടിയപ്പോള്‍ കീപ്പര്‍ ഡ്യൂജോണ്‍ നാലാമനായി ഇറങ്ങി അടിച്ചെടുത്തത് 20 പന്തില്‍ 49 റണ്‍സ്. വെസ്റ്റ് ഇന്‍ഡീസ് നേടിയത് 333/ 8. കപിലും ചേതന്‍ ശര്‍മയും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് വേണ്ടി ഗാവസ്‌കര്‍ 83 ഉം, അശോക് മല്‍ഹോത്ര 69 ഉം, കപില്‍ ദേവ് 44 ഉം എടുത്ത് 45 ഓവര്‍ കളിക്കുക എന്ന ചടങ്ങ് പൂര്‍ത്തിയാക്കി. സ്‌കോര്‍ 229 / 5.

ഈ സീരീസിനെക്കുറിച്ച് ഞാന്‍ ആദ്യം കേട്ടത് തന്നെ ഒരു പ്രതികാര സീരീസ് എന്നായിരുന്നു. ചരിത്രം ചികഞ്ഞപ്പോള്‍ എനിക്ക് മനസിലായി, അത് വെറും പ്രതികരമായിരുന്നില്ല, ഒരൊന്നന്നര പ്രതികാരമായിരുന്നു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍