ഒരു പന്തില്‍ പിറന്നത് 286 റണ്‍സ്!, ക്രിക്കറ്റിനെ അമ്പരിപ്പിച്ച സംഭവം

ഷാനവാസ് ഷാനി
കൗതുകച്ചെപ്പ്
ഒരു ബോളില്‍ എത്ര റണ്‍സ് സ്‌കോര്‍ ചെയ്യാം?
6 എന്നായിരിക്കും പലരുടേയും ഉത്തരം. എന്നാല്‍ അതിനേക്കാള്‍ പതിന്മടങ്ങ് സ്‌കോര്‍ ചെയ്ത സംഭവങ്ങള്‍ ചരിത്രത്തിലുണ്ട്.
1) ഒരു ബോളില്‍ 286 റണ്‍സ്.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ രണ്ട് ക്ലബുകള്‍ തമ്മില്‍ 1894 ജനുവരി 14 ന് നടന്ന മത്സരത്തിലെ ആദ്യ പന്തില്‍ തന്നെയാണ് സംഭവം. ബാറ്റ്‌സ്മാന്‍ ഉയര്‍ത്തിയടിച്ച പന്ത് ഗ്രൗണ്ടിലുണ്ടായിരുന്ന പടുകൂറ്റന്‍ മരത്തിലെ ഉച്ചിയിലുള്ള ചില്ലയില്‍ പോയി കുടുങ്ങി. പകച്ചു പോയ ഫീല്‍ഡിങ്ങ് ടീം പന്ത് നഷ്ടപ്പെട്ടതായി കണക്കാക്കണമെന്ന് അമ്പയറോട് കേണപേക്ഷിച്ചെങ്കിലും പന്തിരിക്കുന്നത് കാണാന്‍ സാധിക്കുന്നതു കൊണ്ട് നഷ്ടപ്പെട്ടതായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് അമ്പയര്‍ തറപ്പിച്ചു പറഞ്ഞു. അതോടെ ആ കൊമ്പ് മുറിക്കാന്‍ ഈര്‍ച്ചവാളും തേടി ഫീല്‍ഡര്‍മാര്‍ പരക്കം പാഞ്ഞു.ഈര്‍ച്ചവാളും മരത്തില്‍ കയറാന്‍ ആളേയും കിട്ടായതോടെ തോക്ക് സംഘടിപ്പിച്ച് വെടിവെച്ച് വീഴ്ത്താനായി ശ്രമം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പന്ത് നിലത്തെത്തിയപ്പോഴേക്കും ബാറ്റ്‌സ്മാന്‍ 286 റണ്‍സ് ഓടിയെടുത്തിരുന്നു. ആ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്ത ടീം എതിരാളികളെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കി മത്സരം ജയിക്കുകയും ചെയ്തു.
2) ഒരു പന്തില്‍ 93 റണ്‍സ്
1894 മെയ് 26 ന് പെക്ക് ഹാം പുഷേര്‍സും കാംബര്‍ബെല്‍ ആല്‍ബിയോണും തമ്മില്‍ നടന്ന മത്സരത്തില്‍ കളി തീരാന്‍ 55 മിനുട്ട് അവശേഷിക്കേ പെക്ക്ഹാം പുഷേര്‍സിന് വിജയിക്കാന്‍ 129 റണ്‍സ് വേണമായിരുന്നു. ബാറ്റ്‌സ്മാന്‍ ബ്രൗണ്‍ കണ്ണും പൂട്ടിയടിച്ച പന്ത് മൈതാനത്തിലെ വലിയൊരു മരത്തിലെ കാക്കക്കൂട്ടില്‍ പോയി പതിച്ചു. പന്ത് കാണാന്‍ കഴിയുന്നത് കൊണ്ട് അമ്പയര്‍ അത് നഷ്ടപ്പെട്ടതായി ഡിക്ലയര്‍ ചെയ്തില്ല. ഒരു ഫീല്‍ഡര്‍ മരത്തില്‍ വലിഞ്ഞു കയറി ഒരു വിധം പന്ത് കുലുക്കി താഴെ ഇട്ടപ്പോഴേക്കും ബ്രൗണും സഹ ബാറ്റ്‌സ്മാന്‍ ആര്‍ച്ചറും കൂടി 93 റണ്‍സ് ഓടിയെടുത്തിരുന്നു. തുടര്‍ന്ന് ബാക്കി റണ്‍സും കൂടി അടിച്ചെടുത്ത് പുഷേര്‍സ് 4 വിക്കറ്റിന് വിജയം കരസ്ഥമാക്കി.
ഈ രണ്ട് സംഭവങ്ങളും യഥാക്രമം Pallmall Gazzett, Inangahua times എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ലോക റിക്കോര്‍ഡായി അംഗീകരിക്കപ്പെട്ടിട്ടില്ല.
3) ഒരു പന്തില്‍ 10 റണ്‍സ്
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു പന്തില്‍ ഏറ്റവും റണ്‍സ് സ്‌കോര്‍ ചെയ്തതിന്റെ റിക്കോര്‍ഡ് ഔദ്യോഗികമായി ആല്‍ബര്‍ട്ട് ഹോണ്‍ബീയുടെ പേരിലാണ്. 1873 ല്‍ ടിയാന്‍ ഒരു പന്തില്‍ 10 റണ്‍സ് സ്‌കോര്‍ ചെയ്തു. ഉയരമുള്ള പുല്ലു നിറഞ്ഞ ഔട്ട്ഫീല്‍ഡില്‍ ഫീല്‍ഡര്‍ പന്ത് തിരഞ്ഞു കണ്ടു പിടിക്കാന്‍ വൈകിയതാണ് ഹോണ്‍ബീ മുതലെടുത്തത്. 1900 ത്തില്‍ സാമുവല്‍ വുഡ് എന്ന കളിക്കാരനും പിന്നീട് ഈ റിക്കോര്‍ഡിനൊപ്പമെത്തുകയുണ്ടായി.
നബി: നമ്മുടെ കണ്ടം ക്രിക്കറ്റില്‍ ചിലപ്പോ ഇതിനേക്കാള്‍ വല്യ നാടന്‍ റിക്കോര്‍ഡുകള്‍ ഒക്കെ പിറന്നിട്ടുണ്ടാകാം ട്ടോ
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍