കോവിഡ്: രണ്ടു പ്രധാനതാരങ്ങളില്ലാതെ ബയേണും റയൽ മാഡ്രിഡും ചാമ്പ്യൻസ്‌ലീഗിന്

Image 3
Champions LeagueFeaturedFootball

നവംബർ നാലുമുതൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുകയാണ്. ഗ്രൂപ്പ്‌ സ്റ്റേജിലെ നിർണായകമായ ഈ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് വമ്പൻ ടീമുകളെല്ലാം. എന്നാൽ പരിക്കുകൾക്കൊപ്പം മറ്റൊരു വില്ലൻ കൂടി പല ടീമുകളെയും വലക്കുന്നുണ്ട്. മറ്റാരുമല്ല കൊറോണ തന്നെയാണ് വീണ്ടും വില്ലനായി തിരിച്ചു വന്നിരിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി നടത്തുന്ന കോവിഡ് പിസിആർ ടെസ്റ്റുകൾക്ക് ശേഷമാണ് സ്‌ക്വാഡ് പുറത്തു വിടുന്നത്. ഇത്തവണ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെയും നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യുണിച്ചിന്റെയും രണ്ടു പ്രധാനതാരങ്ങൾക്ക് ഇത്തവണ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച നടന്നു കോവിഡ് ടെസ്റ്റിൽ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ പ്രതിരോധതാരമായ എഡർ മിലിറ്റാവൊക്കാണ് കോവിഡ് സ്ഥിരീകരിച്ചതായി റയൽ മാഡ്രിഡ്‌ സ്ഥിരീകരിച്ചത്. എന്നാൽ താരമൊഴികെ ബാക്കി സ്റ്റാഫുകളുടേയും മറ്റു റയൽ മാഡ്രിഡ്‌ താരങ്ങളുടേയും റിസൾട്ട്‌ നെഗറ്റീവ് ആയി. താരത്തെ ഐസൊലേഷനിൽ വിട്ടിരിക്കുകയാണ് റയൽ മാഡ്രിഡ്‌.

ജർമൻ വമ്പന്മാരുടെയും പ്രതിരോധതാരത്തിന് തന്നെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജർമൻ താരമായ നിക്ലസ് സുലെക്കാണ് കോവിഡ് സ്ഥിരീകരിച്ചതായി ബയേൺ സ്ഥിരീകരിച്ചിരിക്കുന്നത്. താരവും നിലവിൽ ക്വാറന്റൈനിലാണുള്ളത്. ഇതോടെ രണ്ടു പ്രധാനതാരങ്ങളില്ലാതെയാണ് ബയേണും റയലും ചാമ്പ്യൻസ്‌ലീഗ് മത്സരത്തിനിറങ്ങുന്നത്. റയലിനു ഇന്റർ മിലാനും ബയേൺ മ്യുണിക്കിന് ആർബി സാൽസ്ബർഗുമാണ് എതിരാളികൾ.