വീണ്ടും കേരളത്തിന് കൈതാങ്ങായി ബ്ലാസ്‌റ്റേഴ്‌സ്, ബിഗ് സല്യൂട്ട്

Image 3
FootballISL

കൊച്ചി: 30 മെയ് 2020: കൊറോണ വൈറസ് പ്രതിരോധ പോരാട്ടത്തിൽ കേരള സർക്കാരിനെ പിന്തുണയ്ക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 200 മില്ലിഗ്രാമിന്റെ 1,50,000 ഹൈഡ്രോക്സിക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾകൂടി സർക്കാരിന് സംഭാവന ചെയ്തു. നേരത്തെ സംഭാവന ചെയ്ത 1,00,000 ഗുളികൾക്ക് പുറമെയാണിത്. ഇതോടെ ഹൈദരാബാദിലെ ലോറസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹായത്തോടെ ക്രമീകരിച്ച ഈ രണ്ടര ലക്ഷം ഗുളികകൾ സംസ്ഥാനത്തെ 25,000 ത്തോളം മുൻനിര ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധമായി വർത്തിക്കും.

ഈ മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന എല്ലാ മുൻനിര ജീവനക്കാരുടെയും ധൈര്യം തിരിച്ചറിയുന്നതിനും അവർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനുമായി, ക്ലബ്ബിന്റെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പേജുകൾ വഴി കെബിഎഫ്സി ‘#സല്യൂട്ട്അവർഹീറോസ്’ എന്ന പേരിൽ ഒരു കാമ്പെയ്ൻ ആരംഭിച്ചു. കാമ്പെയ്‌ന് രണ്ട് ഭാഗങ്ങളായിരുന്നു.

ആദ്യമായി, ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ, കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കേരളത്തിലെ മുൻ‌നിര പ്രവർത്തകരുടെ സംഭാവനകളെ മാനിക്കുന്നതിനും ആദരിക്കുന്നതിനുമായി അവരുടെ ജീവിത അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു പ്രതിവാര കോളം ആരംഭിച്ചു.

രണ്ടാമതായി, ഹീറോകൾക്ക് പരസ്യമായി നന്ദി പറയാൻ ആരാധകരെ അനുവദിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം ഫിൽട്ടറും ആരംഭിച്ചു. ഏഴ് ദിവസത്തിനുള്ളിൽ കെ‌ബി‌എഫ്‌സി പ്ലാറ്റ്ഫോമുകളിലൂടെ ഇത് മൂന്ന് ദശലക്ഷം ആരാധകരിൽ‌ എത്തിയെന്നത് ശ്രദ്ധേയമാണ്. തുടർന്നും ഇത്തരം നിരവധി സംരംഭങ്ങളുമായി ക്ലബ് ഈ പോരാട്ടത്തിലെ മുൻ‌നിര ജീവനക്കാരെ പിന്തുണയ്ക്കുന്നത് തുടരും.

“ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളിൽ സമൂഹത്തിനായി എല്ലാവരെയും ഒരുമിപ്പിക്കുന്നതിനായിവർത്തിക്കുക എന്നതിലാണ് ഒരു ഫുട്‌ബോൾ ക്ലബിന്റെ സ്പിരിറ്റ്‌ നിലനിൽക്കുന്നത്. ഇതുപോലുള്ള സമയങ്ങളിൽ, കളിക്കാരുടെ ട്രാൻസ്ഫർ, കരാറുകളുടെ ദീർഘിപ്പിക്കൽ തുടങ്ങിയവയേക്കാൾ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനാണ് ക്ലബ് പ്രാധാന്യം നൽകുന്നത്. 1.5 ലക്ഷം പ്രതിരോധ ഗുളികകൾ സംഭാവന ചെയ്യുക വഴി കെ‌ബി‌എഫ്‌സി, ഫുട്‌ബോളിന് പുറമേ, കേരളത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കേരള സമൂഹത്തിനോടുള്ള അഭേദ്യമായ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു”, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു.

2018 ൽ സംസ്ഥാനത്തെ ജനങ്ങളെ ബാധിച്ച പ്രളയസമയത്ത് ഉൾപ്പെടെ മുൻകാലങ്ങളിൽ ക്ലബ്ബ്നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ക്ലബ് ആരംഭിച്ച നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പുറമേ, കെബിഎഫ്സിയുടെ നിക്ഷേപകരും സംസ്ഥാനം ഏറ്റെടുക്കുന്ന സംരംഭങ്ങൾക്ക് പിന്തുണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.

ഫുട്ബോൾ, കായിക സംരംഭങ്ങൾ, എന്നിവയോടൊപ്പം മറ്റെല്ലാ മാനുഷിക സംരംഭങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി കേരളത്തെ സേവിക്കുന്നത് തുടരും.