ലോകകപ്പിനേയും കോവിഡ് കാര്‍ന്ന് തിന്നും, നിരാശയുടെ പടുകുഴില്‍ ക്രിക്കറ്റ് ലോകം
കോവിഡ് 19 ലോകത്ത് സംഹാരതാണ്ഡവമാടുന്നതിന്റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പും മാറ്റിവെച്ചേയ്ക്കും. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കേണ്ടിയിരുന്ന ലോകകപ്പ് കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലുമാണ് മാറ്റിവെക്കേണ്ടി വരുകയെന്നാണ് ഫിഞ്ച് സചിപ്പിക്കുന്നത്.
കൊവിഡ് ഭീഷണി ഒഴിയാത്ത പശ്ചാത്തലത്തില്‍ ലോകകപ്പ് ഒരു മാസമോ രണ്ട് മാസമോ മൂന്ന് മാസമോ നീട്ടിവെക്കാനിടയുണ്ട്. കൊവിഡ് ഭീഷണിക്ക് ശമനമാകാതെ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും ഫിഞ്ച് പറഞ്ഞു.
കൊവിഡ് ഭീഷണി ഒഴിഞ്ഞാല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാതെ മത്സരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനാവും. കാണികളെ പ്രവേശിപ്പിച്ചാലും ഇല്ലെങ്കിലും അത് മത്സരത്തെ ബാധിക്കാനിടയില്ലെന്നും ന്യൂസിലന്‍ഡില്‍ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ ക്രക്കറ്റ് കളിച്ചതിന്റെ അനുഭവത്തില്‍ ഫിഞ്ച് പറയുന്നു.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. കളിക്കാരെ സംബന്ധിച്ച് തീര്‍ത്തും അപരിചിതമായ സാഹചര്യമായിരുന്നു അത്. പക്ഷെ ആദ്യ അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ കളിക്കാരും അതിനോട് പൊരുത്തപ്പെട്ടു. അതുകൊണ്ടുതന്നെ കാണികളുണ്ടെങ്കിലും ഇല്ലെങ്കിലും അത് മത്സരത്തെ ബാധിക്കില്ല-ഫിഞ്ച് പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇനിയുള്ള പരമ്പരകള്‍ നിശ്ചിക്കുമ്പോള്‍ ഐസിസി കൂടുതല്‍ സര്‍ഗാത്മകമായി ചിന്തിക്കണമെന്നും ഫിഞ്ച് പറഞ്ഞു. ഒരു വേദിയില്‍ തന്നെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നടത്തുന്നതുപോലെയുള്ള കാര്യങ്ങള്‍ ആലോചിക്കാമെന്നും ഫിഞ്ച് പറഞ്ഞു.