ഹസാർഡിന്റെ വിസ്ഫോടനാത്മകമായ തിരിച്ചുവരവിന് സാക്ഷിയാവും, ആരാധകർക്ക് ആത്മവിശ്വാസം പകർന്ന് കോർട്‌വാ.

റയൽ മാഡ്രിഡിൽ പരിക്കു മൂലം വിഷമിക്കുന്ന ബെൽജിയൻ സൂപ്പർതാരമാണ് ഈഡൻ ഹസാർഡ്. കണങ്കാലിനേറ്റ പരിക്കിൽ നിന്നും മോചിതനായെങ്കിലും വീണ്ടും തുടയിലെ പേശിക്കു പരിക്കേറ്റത് താരത്തിനു തിരിച്ചടിയാവുകയായിരുന്നു.  ഇതുമൂലം ബെൽജിയം സ്‌ക്വാഡിൽ നിന്നും താരത്തെ റയൽ മാഡ്രിഡിലേക്കു തന്നെ  തിരിച്ചയക്കുകയായിരുന്നു.

എന്നാലിപ്പോൾ  തന്റെ ബെൽജിയൻ സഹതാരത്തിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്   റയൽ മാഡ്രിഡിന്റെ ഗോൾകീപ്പറായ തിബോട്ട്  കോർട്‌വ. ഏറെക്കാലമായി പരിക്കിന്റെ പിടിയിലായ ഹസാർഡിന്റെ വിസ്ഫോടാനാത്മകമായ തിരിച്ചുവരവിനാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുകയെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഈ സൂപ്പർകീപ്പർ. ട്രെയിനിങ്ങിൽ മെച്ചപ്പെട്ട പ്രകടനം താരം കാഴ്ചവെക്കുന്നുണ്ടെന്നും കോർട്‌വ ചൂണ്ടിക്കാണിച്ചു.

” ഹസാർഡ്? എനിക്കൊരു സംശയവുമില്ല, അദ്ദേഹത്തിന്റെ മികവ് അധികം വൈകാതെ തന്നെ നമുക്ക് കാണാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിനു തന്നെയാണ് അതു കാണിച്ചുകൊടുക്കാൻ ഏറ്റവും ആഗ്രഹമുള്ളത്. അദ്ദേഹം ഞങ്ങൾക്കൊപ്പം മികച്ച രീതിയിൽ ഉയർന്നു വരുന്നുണ്ട്. ഉടൻ തന്നെ അദ്ദേഹത്തിനത് തെളിയിക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.”

“പരിക്കിനു തൊട്ടുമുൻപുള്ള മത്സരങ്ങളിൽ അദ്ദേഹം നല്ല രീതിയിൽ തന്നെയാണ് കളിച്ചിരുന്നത്. പിന്നീട് സംഭവിച്ചത് ഡൗർഭാഗ്യകരമായിരുന്നു. അതിൽ നിന്നും പുറത്തുവരുകയെന്നത് ദുഷ്കരം തന്നെയാണ്. എന്നാൽ ഈ മാസം അദ്ദേഹം മികച്ച രീതിയിൽ തന്നെ ട്രെയിൻ ചെയ്യുന്നതായി ഞാൻ കാണാനിടയായി. അധികം വൈകാതെ തന്നെ അദ്ദേഹം വിസ്ഫോടനാത്മകമായ തിരിച്ചുവരവ് നടത്തുമെന്നും ടീമിനു സന്തോഷം പകരുമെന്നും എനിക്ക് ഉറപ്പുണ്ട്. ” കോർട്‌വ കാഡേനാ സെർ എന്ന സ്പാനിഷ് മാധ്യമത്തിനോട് വെളിപ്പെടുത്തി.

You Might Also Like