അവന്‍ ക്രിക്കറ്റിലെ മാന്യതയുടെ പര്യായമായിരുന്നു, മത്സരം കഴിഞ്ഞപ്പോള്‍ എതിരാളികള്‍ തന്നെ അവനെ സമ്മാനം കൊണ്ട് മൂടി

കെ നന്ദകുമാര്‍ പിള്ള

ആദ്യ രണ്ടു ലോകകപ്പുകളിലും ജേതാക്കളായിരുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മൂന്നാം ലോകകപ്പ് സ്വപ്നങ്ങള്‍ കപിലിന്റെ ചെകുത്താന്മാരുടെ പോരാട്ട വീര്യത്തിനു മുന്നില്‍ അടിയറവ് വെക്കേണ്ടി വന്നു. 1987 ല്‍ ഇന്ത്യയിലും പാകിസ്ഥാനിലുമായി നടന്ന നാലാം ലോകകപ്പില്‍ സെമി ഫൈനല്‍ വരെയെങ്കിലും എത്താനുള്ള എല്ലാ അര്‍ഹതയും വിന്‍ഡീസിനുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ അത് തെറ്റല്ല. കോട്‌നി വാല്‍ഷ് എന്ന മാന്യനായ ക്രിക്കറ്റര്‍ അവരുടെ ടീമില്‍ കളിച്ചിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും അവര്‍ സെമിയില്‍ എത്തിയേനെ. നിര്‍ഭാഗ്യം ഒന്ന് മാത്രമാണ് അവരെ സെമി ഫൈനലില്‍ എത്തിക്കാതിരുന്നത്.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഉറപ്പിച്ച ജയം, അലന്‍ ലാമ്പിനു മുന്നില്‍ അടിയറവ് വെക്കേണ്ടി വന്നു. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 243 ചെയ്‌സ് ചെയ്ത ഇംഗ്ലണ്ടിന്റെ എട്ടാം വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ 209 മാത്രം. പക്ഷെ ഒരറ്റത്ത് പിടിച്ചു നിന്ന ലാംബ് ഇംഗ്ലണ്ടിന് ജയം നേടിക്കൊടുത്തു. രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെ കിംഗ് റിച്ചാര്‍ഡ്സ് അടിച്ച 181 റണ്‍സിന്റെ പിന്‍ബലത്തില്‍ 191 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി.

വെസ്റ്റിന്‍ഡീസ് vs പാകിസ്ഥാന്‍ ലാഹോര്‍ – 1987

മൂന്നാം മത്സരം പാകിസ്ഥാനെതിരെ ലാഹോറില്‍. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഫില്‍ സിമ്മണ്‍സും(51) റിച്ചാര്‍ഡ്‌സും(52) അര്ധസെഞ്ചുറി കടന്നെങ്കിലും ഇമ്രാന്‍ ഖാന്‍ 37 റണ്‍സിന് 4 ഉം സലിം ജാഫര്‍ 30 റണ്‍സിന് 3 വിക്കറ്റും വീഴ്ത്തിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്‌സ് 216 റണ്‍സിന് അവസാനിച്ചു. താരതമ്യേന ചെറിയ സ്‌കോറിലേക്ക് പാക്കിസ്ഥാന്‍ ധൃതിയില്ലാതെ തുടങ്ങി. 100 / 3, പിന്നീട് 180 / 5 എന്ന സ്‌കോറിലേക്ക് പാക്കിസ്ഥാന്‍ എത്തി. മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ റമീസ് രാജ(42) ഒഴിച്ച് മറ്റാര്‍ക്കും തിളങ്ങാനായില്ല. പക്ഷെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സലിം യൂസഫ് മാത്രം പിടിച്ചു നിന്നു. 183 ല്‍ മിയാന്‍ദാദിനെ നഷ്ടമായ പാക്കിസ്ഥാന്‍ വളരെ പെട്ടെന്ന് 203/ 9 എന്ന നിലയിലേക്ക് വീണു.

അവസാന ഓവര്‍

അവസാന ഓവറില്‍ പാകിസ്താന് ജയിക്കാന്‍ വേണ്ടത് 14 റണ്‍സ്. സ്ട്രൈക്കര്‍ അബ്ദുല്‍ ഖാദറും നോണ്‍ സ്ട്രൈക്കര്‍ വസീം ജാഫറും. ബൗളര്‍ കോര്ട്‌നി വാല്‍ഷ്.

ആദ്യ രണ്ടു പന്തുകളിലും ഖാദറും ജാഫറും സിംഗിളുകള്‍ നേടി. ഇനി വേണ്ടത് 4 പന്തില്‍ 12 റണ്‍സ്. പാക്കിസ്ഥാന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. കാരണം അന്നുവരെ ബാറ്റിങ്ങില്‍ അബ്ദുല്‍ ഖാദര്‍ പ്രതീക്ഷ തരുന്ന ഒരു പ്രകടനവും നടത്തിയിട്ടുണ്ടായിരുന്നില്ല. ഇവിടെ പെട്ടെന്ന് എന്ത് പ്രതീക്ഷിക്കാന്‍? അടുത്ത പന്തില്‍ രണ്ടു റണ്‍സ് നേടിയ ഖാദര്‍, അടുത്ത പന്ത് സ്‌ട്രെയ്റ്റ് സിക്‌സറിന് പായിച്ചു. ഇനി വേണ്ടത് 2 പന്തില്‍ 4 റണ്‍സ്. അടുത്ത പന്തിലും 2 റണ്‍സ്.

അവസാന പന്ത്. പാകിസ്താന് ജയിക്കാന്‍ 2 റണ്‍സ്. ബാറ്റ് ചെയുന്നത് ഖാദര്‍. ബൗള്‍ ചെയ്യാനായി ഓടി വന്ന വാല്‍ഷ്, പക്ഷെ പന്ത് ഡെലിവേര്‍ ചെയ്തില്ല. പകരം ക്രീസില്‍ കയ്യും കെട്ടി നിന്നു. നോണ്‍ സ്ട്രൈക്കര്‍ വസീം ജാഫര്‍ ക്രീസില്‍ നിന്നും വാരകള്‍ വെളിയിലായിരുന്നു. വിജയം അനിവാര്യമായ, വിജയം കൈവെള്ളയില്‍ എത്തിയ അവസരം, ഏതു ബൗളറും ഉപയോഗപ്പെടുത്തിയേക്കാവുന്ന അവസരം. വാല്‍ഷ് വ്യത്യസ്തനായിരുന്നു. മങ്കാദിങ് എന്ന, ക്രിക്കറ്റിനു നിരക്കാത്തതെന്ന് പരക്കെ പറയപ്പെടുന്ന അവസരം ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പകരം പയ്യെ തിരിഞ്ഞ് അടുത്ത പന്തെറിയാനായി നടന്നു പോകുകയാണ് വാല്‍ഷ് ചെയ്തത്. അടുത്ത പന്തില്‍ വീണ്ടും രണ്ടു റണ്‍സ് നേടിയ ഖാദര്‍ പാകിസ്താന് അവിശ്വസനീയമായ വിജയം നേടിക്കൊടുത്തു. വെസ്റ്റ് ഇന്‍ഡീസിന് കയ്യെത്തും ദൂരത്തു നിന്ന് മറ്റൊരു വിജയനഷ്ടം കൂടി.

ഓരോവര്‍ കൊണ്ട് അബ്ദുല്‍ ഖാദര്‍ പാകിസ്ഥാന്റെ ഹീറോ ആയപ്പോള്‍ വാല്‍ഷിനെ ആരും കുറ്റപ്പെടുത്തിയില്ല. പകരം, ക്രിക്കറ്റ് ലോകം ഒന്നടങ്കം അദ്ദേഹത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് കയ്യടിച്ചു, അനുമോദിച്ചു. പാകിസ്ഥാനികള്‍ തന്നെ അദ്ദേഹത്തിന് ഒരുപാട് സമ്മാനങ്ങള്‍ നല്‍കി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like