യൂറോപ്പില്‍ നേട്ടമുണ്ടാക്കിയവനാണവന്‍, കാത്തിരിക്കുകയാണ്, സൂപ്പര്‍ താര വരവിനെ കുറിച്ച് എസ്ഡി

കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ സിംബാബ്‌വെ താരം കോസ്റ്റ നമോയിന്‍സുവിനെ പ്രശംസകൊണ്ട് മൂടി സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്. കോസ്റ്റയെ പോലെ ഒരു മികച്ച താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ അതീവ സന്തുഷ്ടനാണെന്ന് കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിനെ നയിക്കുകയും ഇരുനൂറില്‍ അധികം മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത താരം അനുഭവസമ്പത്തിന്റെയും അതിവൈദഗ്ധ്യത്തിന്റെയും മിശ്രണം ടീമിന് നല്‍കും. യൂറോപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ സ്വഭാവവും കഴിവും പ്രതിഫലിപ്പിക്കുന്നതാണ് ആ നേട്ടം. വരാനിരിക്കുന്ന സീസണില്‍ കോസ്റ്റയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

2013 മുതല്‍ ചെക്ക് ക്ലബ് സ്പാര്‍ട്ടയ്ക്കായി ബൂട്ടണിയുന്ന താരമാണ് കോസ്റ്റ. ക്ലബിനായി ഇരുനൂറിലധികം മത്സരം കളിച്ച പ്രതിരോധ താരം ഒന്‍പത് ഗോളുകളും നേടിയിരുന്നു.

ഹരാരെയില്‍ നിന്നുള്ള താരം സിംബാബ്വെന്‍ ക്ലബ്ബായ അമാസുലു എഫ്‌സിക്കൊപ്പമാണ് സീനിയര്‍ കരിയര്‍ തുടങ്ങിയത്. 2005ല്‍ മാസ്വിങോ യുണൈറ്റഡിനൊപ്പം ചേര്‍ന്നു. സിംബാബ്വെ പ്രീമിയര്‍ സോക്കര്‍ ലീഗിലെ ഒരു സീസണിനുശേഷം 2007ല്‍ പോളണ്ടിലേക്ക് മാറി. വായ്പ അടിസ്ഥാനത്തില്‍ കെഎസ് വിസ്ല ഉസ്‌ത്രോണിയങ്കയ്ക്കായി കളിച്ച താരം 2008 മുതല്‍ രണ്ടു സീസണുകളിലായി പോളിഷ് ടീമായ സാഗ്ലെബി ലൂബിന് വേണ്ടിയും പ്രതിരോധം കാത്തു. ടീമിലെ മികച്ച പ്രകടനം താരത്തിന് ക്ലബ്ബില്‍ സ്ഥിരം കരാറും നേടിക്കൊടുത്തു.

ലൂബിന് വേണ്ടി 136 മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയ കോസ്റ്റ പോളിഷ് ലീഗിലെ ഏറ്റവും മൂല്യമുള്ള സെന്റര്‍ ബാക്ക് ആയും മാറി. 2013ലാണ് ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിലേക്കുള്ള കൂടൂമാറ്റം. ക്ലബ്ബിന് വേണ്ടി ഏഴു സീസണുകളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു.

You Might Also Like