ഇന്ത്യ വിട്ട് കോറോ, റാഞ്ചിയത് സ്പാനിഷ് ക്ലബ്

Image 3
FootballISL

ഐഎസ്എല്ലില്‍ കഴിഞ്ഞ മൂന്ന് സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് നിരവധി ആരാധകരെ സൃഷ്ടിച്ച സ്പാനിഷ് താരം ഫെറാന്‍ കോറോമിറാസ് ഇന്ത്യ വിട്ടു. സ്‌പെയിനിലെ രണ്ടാം ഡിവിഷന്‍ ക്ലബായ അത്‌ലറ്റിക്കോ ബലേറസിലേക്കാണ് 37കാരനായ കോറോ കൂറുമാറിയത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം എഫ്സി ഗോവ ഈ സീസണില്‍ കൂടി തന്നെ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതായി കോറോമിറാസ് തുറന്നടിച്ചിരുന്നു. എന്നാല്‍ അവര്‍ അത്തരത്തിലൊരു നീക്കവും നടത്തിയില്ലെന്നും താന്‍ അവര്‍ക്ക് വേണ്ടി ചെയ്ത സേവനങ്ങളൊന്നും അവര്‍ പരിഗണിച്ചില്ലെന്നും കോറോ സങ്കടപ്പെട്ടിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയോടാണ് ഐഎസ്എല്ലിലെ ഏറ്റവും അധികം ഗോള്‍ നേടിയ താരം മനസ് തുറന്നത്. ഇന്ത്യയില്‍ നിന്ന് മറ്റൊരു ക്ലബുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നതായും എന്നാല്‍ അത് കരാറില്‍ എത്തിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

‘കഴിഞ്ഞ മൂന്ന് സീസണുകള്‍ മനോഹരമായിരുന്നു. ഗോവയ്ക്കായി അവരുടെ ആരാധകര്‍ക്ക് മുന്നില്‍ കളിച്ചത് ഞാന്‍ ആസ്വദിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ മുറിവേറ്റവനാണ്. എന്നെ നിലനിര്‍ത്താന്‍ അവര്‍ ശ്രമിച്ചില്ല എന്നതിനാലാണ്. മാത്രമല്ല വളരെ പെട്ടെന്ന് എനിക്ക് പകരക്കാരനെ അവര്‍ കണ്ടെത്തുകയും ചെയ്തു. ഞാനവിടെ സന്തോഷവാനാണെന്നും ഇനിയും കളിക്കാന്‍ ആഗ്രഹിക്കുന്നതായും എപ്പോഴും ഞാന്‍ അവരോട് പറഞ്ഞിരുന്നു’ കോറോ പറയുന്നു.

ഇതിന് പിന്നാലെയാണ് താരം നാട്ടിലേക്ക് മടങ്ങിയതായി വാര്‍ത്ത പുറത്ത് വരുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഗോവയ്ക്കായി പന്ത് തട്ടിയ കോറോ 55 ഗോളുകളാണ് അടിച്ച് കൂട്ടിയത്. ഐഎസ്എല്ലില്‍ രണ്ട് തവണ ഗോള്‍ഡണ്‍ ബൂട്ടും ഈ 37കാരന്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ പരിക്ക് കാരണം മൂന്ന് മത്സരങ്ങളില്‍ കളിക്കാതിരുന്നതാണ് ഗോള്‍ഡണ്‍ ബൂട്ട് നഷ്ടപ്പെടാന്‍ കാരണം.