കോറോയുമായി ചര്‍ച്ച, ബ്ലാസ്‌റ്റേഴ്‌സിന്റെ ബി പ്ലാന്‍

ഐഎസ്എല്ലിലെ എക്കാലത്തേയും വലിയ ഗോള്‍ സ്‌കോററായ ഫെറാന്‍ കോറോയുമായി ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ച തുടങ്ങിയത് ചില ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി. ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും സൂപ്പര്‍ താരവും നായകനുമായ ഓഗ്‌ബെചെ മുംബൈയിലേക്ക് കൂറുമാറുകയാണെങ്കില്‍ പകരക്കാരനായി കോറോയെ കൊണ്ട് വരാമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആലോചിക്കുന്നത്. ഒഗ്‌ബെചെയുടെ തീരുമാനം അനുസരിച്ചിരിക്കും കോറോയെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുമോയെന്ന് അറിയാന്‍.

അതിലുപരി ഓഗ്‌ബെചെയ്ക്ക് മേലുളള ബ്ലാസ്റ്റേഴ്‌സിന്റെ സമ്മര്‍ദ്ദ തന്ത്രം കൂടിയാണ് പുതിയ നീക്കം. ഓഗ്‌ബെചെ ടീം വിട്ടാലും അതേ പ്രെഫൈലുളള പുതിയ താരം ടീമിലെത്തുമെന്ന് നൈജീരിയന്‍ സൂപ്പര്‍ താരത്തിന് സൂചന നല്‍കാനും ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നു.

നിലവില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ചേരാന്‍ കോറോ വേതനം വരെ കുറയ്ക്കാന്‍ തയ്യാറാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. എന്നാല്‍ കോറോയെക്കാള്‍ നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിന് താല്‍പര്യം ഓഗ്‌ബെചെയെ സ്വന്തം നിരയില്‍ നിലനിര്‍ത്താനാണ്. കോറോയ്ക്ക് നല്‍കുന്ന തുകയുണ്ടെങ്കില്‍ ഓഗ്‌ബെചെ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുകയും ചെയ്യും. എന്നാല്‍ വേതനം കുറച്ച് ഓഗ്‌ബെചെയെ ബ്ലാസ്‌റ്റേഴ്‌സില്‍ നിലനിര്‍ത്താനാണ് ക്ലബ് ശ്രമിക്കുന്നത്.

2017 മുതല്‍ കഴിഞ്ഞ മൂന്ന് സീസണിലും എഫ്സി ഗോവയ്ക്കായി കളിച്ച കോറോ രണ്ട് തവണ ഗോള്‍ഡണ്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഗോവയ്ക്കായി 57 മത്സരങ്ങള്‍ ഇതിനോടകം കളിച്ച ഈ മുന്‍ എസ്പാനിയോള്‍ താരം 48 ഗോളും അടിച്ച് കൂട്ടിയിട്ടുണ്ട്.

ഗോവ കരാര്‍ പുതുക്കുന്നതിന്റെ ഭാഗമായി തനിക്ക് തന്ന ഓഫര്‍ വളരെ ചെറുതാണെന്ന് ആരോപിച്ചാണ് കോറോ കഴിഞ്ഞ മാസം ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് കോറോയെ സ്വന്തമാക്കാന്‍ നിരവധി ഐഎസ്എല്‍ ക്ലബുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ഉയര്‍ന്ന വേതനം എന്ന ആവശ്യത്തിന് മുന്നില്‍ പല ക്ലബുകളും പിന്മാറുകയായിരുന്നു.

You Might Also Like