കോപ്പ ഡെൽ റേ ബാഴ്സക്ക്, അടുത്തത് ലാലിഗയാണ്‌ ലക്ഷ്യമെന്ന് കൂമാൻ

അത്ലറ്റിക് ബിൽബാവോക്കെതിരായ കോപ്പ ഡെൽ റേ ഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയം നേടി ബാഴ്സലോണ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അന്റോയിൻ ഗ്രീസ്മാനും ഫ്രങ്കി ഡിയോങ്ങിനുമൊപ്പം മെസിയുടെ ഇരട്ട ഗോളുകളാണ് ബാഴ്സക്ക് മികച്ച വിജയം സമ്മാനിച്ചത്. ഇതോടെ ഈ സീസണിലെ ആദ്യകിരീടം ബാഴ്സ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.

സെറ്റിയനു പിന്നാലെ ബാഴ്സയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത കൂമാന്റെ കരിയറിലെ വർഷങ്ങൾക്കു ശേഷമുള്ള ആദ്യകിരീടം കൂടിയാണ് ഇത്തവണത്തെ കോപ്പ ഡെൽ റേ. വിജയത്തിനു ശേഷം അടുത്ത ലക്ഷ്യം ലാലിഗ കൂടി വിജയിക്കലാണെന്നു കൂമാൻ വ്യക്തമാക്കി. മത്സരത്തിനു ശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ.

“ഞങ്ങൾ ഈ സീസണിൽ ടീമിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. പക്ഷെ കുറച്ചു താരങ്ങളെ കൂടി വാങ്ങേണ്ടതുണ്ടായിരുന്നു. ടീമിന്റെ മനോഭാവത്തിനെ ഞാൻ അംഗീകരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കോപ്പയിലേത്. അതിൽ ഒരുപാട് ബുദ്ദിമുട്ടു നേരിടേണ്ടി വന്നിട്ടുണ്ട്.”

“ഞങ്ങൾ കൂടുതൽ ആഗ്രഹിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഫലമായി ഞങ്ങൾ കപ്പ്‌ നേടിയെടുത്തിരിക്കുകയാണ്. ഒപ്പം ഞങ്ങൾ രണ്ടാമത്തേതിന് കൂടി തയ്യാറെടുക്കുകയാണ്. അവസാനം വരെ ലാലിഗക്ക് വേണ്ടി പോരാടാൻ തന്നെയാണ് പോവുന്നത്. ” കൂമാൻ പറഞ്ഞു.

You Might Also Like