കോഹ്ലിയെ ഞെട്ടിച്ച് ഡെവണ്‍ കോണ്‍വേയുടെ കുതിപ്പ്, ഐപിഎല്‍ ടീമുകള്‍ക്ക് വെള്ളിടി

Image 3
CricketIPL

ന്യൂസിലന്‍ഡ് വെടിക്കെട്ട് വീരന്‍ ഡെവണ്‍ കോണ്‍വേ ടി20 റാങ്കിംഗില്‍ കുതിപ്പ്. ഏറ്റവും പുതിയ റാങ്കിംഗില്‍ 784 റേറ്റിംഗ് പോയിന്റോടെ നാലാം സ്ഥാനത്തേക്കാണ് ഡെവണ്‍ കോണ്‍വേ ഉയര്‍ന്നത്. ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഡെവന്‍ കോണ്‍വേയ്ക്ക് തുണയായത്.

ബംഗ്ലാദേശിനെതിരെ 52 പന്തില്‍ 92 റണ്‍സ് നേടി പുറത്താകാതെ നിന്ന പ്രകടനം കൂടിയായപ്പോള്‍ താരം അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്. 762 റേറ്റിംഗ് പോയിന്റുള്ള വിരാട് കോഹ്‌ലിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് താരത്തിന്റെ ഉയര്‍ച്ച.

ടി20യില്‍ 13 മത്സരം മാത്രം കളിച്ചിട്ടുളള ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 59.12 ശരാശരിയില്‍ 473 റണ്‍സാണ് അടിച്ച് കൂട്ടിയത്. 151.12 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഉയര്‍ന്ന സ്‌കോറാകട്ടെ 99 റണ്‍സാണ്.

ഏകദിനത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്. ന്യൂസിലന്‍ഡിനായി മൂന്ന് മത്സരം മാത്രം കളിച്ചിട്ടുളള താരം 75 ശരാശരിയില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഇതിനോടകം നേടിക്കഴിഞ്ഞു. ന്യൂസിലന്‍ഡിന്റെ ഏറ്റവും മികച്ച ബാറ്റിംഗ് കണ്ടെത്തലുകളില്‍ ഒരാളായാണ് കോണ്‍വെയെ വിലയിരുത്തുന്നത്.

അതെസമയം ഐപിഎല്‍ താരലേലത്തില്‍ ന്യൂസിലന്‍ഡ് താരത്തെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. അന്‍പത് ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ആരും വാങ്ങാതിരുന്നത് അന്ന വലിയ വാര്‍ത്തയായിരുന്നു.