ഇന്ററിനു വേണമെങ്കിലും കോണ്ടെക്കു മെസിയെ വേണ്ട, തുറന്നടിച്ച് ഇറ്റാലിയൻ പരിശീലകൻ

അർജന്റീനിയൻ നായകനായ ലയണൽ മെസിയെ സ്വന്തമാക്കാൻ ഇന്റർ മിലാൻ പരിശീലകനായ കോണ്ടെക്ക് യാതൊരു താൽപര്യവും ഉണ്ടാകില്ലെന്ന് മുൻ ഇറ്റാലിയൻ താരവും പരിശീലകനുമായ പൗളോ ഡി കാനിയോ. ക്ലബിനേക്കാൾ വലുതാണു മെസിയെന്നതു കൊണ്ടാണ് കോണ്ടെക്കു താൽപര്യമുണ്ടാകാതിരിക്കാൻ കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി. മെസി ഇന്ററിലെത്തുമെന്ന അഭ്യൂഹങ്ങൾക്കു മറുപടി നൽകുകയായിരുന്നു ഡി കാനിയോ.

“ഇന്റർ മിലാനു മെസിയെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവരതിനു വേണ്ടി ഏതു തരത്തിലും ശ്രമം നടത്തുമെന്ന് മുൻപു ഞാൻ പറഞ്ഞിരുന്നു. എന്നാൽ കോണ്ടെക്ക് മെസി ടീമിലെത്തുന്നതിൽ താൽപര്യമുണ്ടാകുമെന്നു കരുതുന്നുണ്ടോ? ഒരിക്കലുമുണ്ടാകില്ലെന്നാണു ഞാൻ പറയുക.” സ്കൈ സ്പോർട്സിനോടു സംസാരിക്കുമ്പോൾ ഡി കാനിയോ പറഞ്ഞു.

“മെസി ഇറ്റാലിയൻ ക്ലബിലേക്കു ചേക്കേറിയാൽ മെസിയെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുക. അല്ലാതെ ഇന്റർ മിലാനെക്കുറിച്ചല്ല. ക്രിസ്ത്യാനോ റൊണാൾഡോ യുവന്റസിലേക്കു ചേക്കേറിയതു സമാനമായിരിക്കും ആ ട്രാൻസ്ഫറും. ചിലപ്പോൾ അതിനേക്കാൾ കൂടുതൽ മെസിയിലേക്കു ഫോക്കസ് മാറാനും സാധ്യതയുണ്ട്.” ഡി കാനിയോ വ്യക്തമാക്കി.

ബാഴ്സലോണയുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ നിർത്തി വെച്ചതോടെയാണ് മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തമായത്. ക്ലബ് നേതൃത്വവുമായുള്ള പ്രശ്നങ്ങൾ അതിനെ വർദ്ധിപ്പിക്കുകയും ചെയ്തു. അതിനിടയിൽ മെസിയെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാനുള്ള പദ്ധതികൾ ഇന്റർ ആവിഷ്കരിച്ചുവെന്നും വാർത്തകളുണ്ട്.

You Might Also Like