‘ഭ്രാന്തുള്ളവർ പോലും മെസിയെ വേണ്ടെന്നു പറയില്ല’, ബാഴ്സ നായകനെ സ്വാഗതം ചെയ്ത് കോണ്ടെ

Image 3
FeaturedFootball

മെസിയെയും ഇന്ററിനെയും ചേർത്തുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ സന്തോഷം രേഖപ്പെടുത്തി ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടെ. അതേ സമയം അത്തരം അഭ്യൂഹങ്ങൾ ഉയർന്നു വരുന്നതു ഫാന്റസി ഫുട്ബോളിന്റെ ഭാഗമാണെന്നും ഇന്നല ജെനോവക്കെതിരെ നടന്ന സീരി എ മത്സരത്തിനു ശേഷം പത്രക്കാരോടു മെസി അഭ്യൂഹങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ കോണ്ടെ പറഞ്ഞു.

“നമ്മൾ ഫാന്റസി ഫുട്ബോളിനെ കുറിച്ചാണു ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ പല കാരണങ്ങൾ കൊണ്ട് ഇന്ററുമായി ചേർന്നു പോകുന്നതല്ല. മെസിയെ വേണ്ടെന്ന് ഭ്രാന്തനായ ഒരാൾ പോലും പറയില്ല. എന്നാൽ അക്കാര്യം ഇപ്പോഴത്തെ ഇന്ററിൽ നിന്നും വളരെ വളരെ അകലെയാണ്.”

“ഇന്റർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളുമായി ഇതു ബന്ധപ്പെടുന്നില്ല. ടീമിന് ഏറ്റവും കരുത്തുറ്റ അടിത്തറ സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതിനു ശേഷം എന്തും സംഭവിക്കാം. എന്നാൽ ഇത്തരം ഫാന്റസി ഫുട്ബോൾ ഇന്ററുമായി ബന്ധപ്പെട്ടു കിടക്കുന്നതിൽ ഞാൻ സന്തോഷവാനാണ്.” കോണ്ടെ പറഞ്ഞു.

ബാഴ്സയുമായി കരാർ അടുത്ത സീസണോടെ അവസാനിക്കാനിരിക്കുന്ന മെസി ഇതു വരെയും അതു പുതുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇതാണ് താരവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണം. മെസിയെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് ഇന്റർ ഡയറക്ടറും വെളിപ്പെടുത്തിയിരുന്നു.