പിഎസ്‌ജിയുടെ തോൽവി ഹൃദയം നുറുങ്ങുന്നത്, ബയേണിന്റെ വിജയശില്പി തുറന്ന് പറയുന്നു

പിഎസ്‌ജിക്കെതിരെ വിജയഗോൾ നേടിയത് പത്ത് വർഷം തങ്ങളുടെ കീഴിൽ കളിച്ച കിങ്‌സ്‌ലി കോമാൻ ആണെന്നത്  പിഎസ്‌ജിക്ക് ഇരുട്ടടിയായിരിക്കുകയാണ്.  താരം ആറു വർഷങ്ങൾക്കിപ്പുറം തങ്ങളുടെ ആദ്യചാമ്പ്യൻസ് ലീഗ് കിരീടത്തിനു  വഴിമുടക്കിയാവുമെന്ന് പിഎസ്ജി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ബയേണിന്റെ വിജയഗോൾ നേടിയ കിങ്സ്ലി കോമാൻ കളി പഠിച്ചത് പിഎസ്ജിയിൽ നിന്നായിരുന്നു. ഒടുക്കം അതേ കോമാൻ തന്നെ ഇന്നലെ പിഎസ്ജിയുടെ കിരീടനേട്ടത്തിനു  വിലങ്ങുതടിയാവുകയും ചെയ്തിരിക്കുകയാണ്.  എന്നാൽ തന്റെ പഴയ ടീമിന്റെ അവസ്ഥയിൽ ദുഃഖം  അറിയിച്ചിരിക്കുകയാണ് കോമാൻ. ഇന്നലെ മത്സരശേഷം ആർഎംസി സ്പോർട്ടിനോട് സംസാരിക്കവെയാണ്  കോമാൻ മുൻക്ലബിനെക്കുറിച്ച് സംസാരിച്ചത്.

“തീർച്ചയായും ഇതൊരു അസാധാരണമായ ഒരനുഭവമായിരുന്നു. എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.  എന്നിരുന്നാലും പിഎസ്ജിയുടെ കാര്യത്തിൽ ദുഃഖവുമുണ്ട്. ഞാൻ നൂറ് ശതമാനം ബയേൺ ആണെന്ന് പറഞ്ഞാലും പിഎസ്ജിയുടെ തോൽവി ഹൃദയം നുറുങ്ങുന്നതാണ്.”

“മത്സരത്തിന്റെ തുടക്കം മുതലേ  കളി വരുതിയിലാക്കാൻ ഞങ്ങൾ ശ്രമിച്ചു. അവർ അപകടകാരികളാണെന്നും എപ്പോൾ  പ്രത്യാക്രമണമുണ്ടാവുമെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. തീർച്ചയായും പിഎസ്ജി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു മികച്ച ഫൈനലായിരുന്നു ഇത്.” കോമാൻ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. 2004 മുതൽ 2014 വരെ കോമാൻ പിഎസ്ജി താരമായിരുന്നു. തുടർന്ന് യുവന്റസിലേക്കും അവിടെ നിന്ന് ബയേണിലേക്കും കൂടുമാറുകയായിരുന്നു.

You Might Also Like