ടീം ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ തലപുകയ്‌ക്കേണ്ടി വരും, മുന്നറിയിപ്പുമായി കിവീസ് താരം

Image 3
CricketTeam India

ഐപിഎല്‍ മാറ്റിവെച്ചതോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് തിരിഞ്ഞിരിക്കുകയാണല്ലോ. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ കാത്തിരിക്കുന്ന മുഖ്യ വെല്ലുവിളി എന്തെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോം.

ഫൈനലില്‍ ഇറക്കേണ്ട ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുകയെന്നതാവും കോഹ്ലിക്ക് മുന്നിലുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്ന് ഗ്രാന്‍ഡോം നിരീക്ഷിക്കുന്നത്

‘എല്ലാ മേഖലകളും കവര്‍ ചെയ്യാന്‍ ശേഷിയുള്ള ഒരുപാട് താരങ്ങള്‍ ഇന്ത്യക്കുണ്ട്. അവര്‍ക്കു വളരെ മികച്ച സീം ബോളര്‍മാരുണ്ട്, ഗംഭീര സ്പിന്നറുമുണ്ട്. അതുകൊണ്ടു തന്നെ ആരെയൊക്കെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ കോഹ്ലിക്കു തല പുകയ്‌ക്കേണ്ടി വരും’ ഗ്രാന്‍ഡോമിനെ ഉദ്ദരിച്ച് ഐസിസി ട്വിറ്ററില്‍ കുറിച്ചു.

ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഫൈനലിനായി 24 അംഗ ടീമിനെ തിരഞ്ഞെടുക്കാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്.

ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ മെയ് അവസാനത്തോടെ പ്രഖ്യാപിക്കും. കെയിന്‍ വില്ല്യംസണിന്റെ നേതൃത്വത്തിലുള്ള 20 അംഗ ടീമിനെ ന്യൂസിലന്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.