കൂറ്റന്‍ സിക്‌സ്, പിന്നാലെ സങ്കടം സഹിക്കാനാകാതെ തലയില്‍ കൈവെച്ച് ബാറ്റ്‌സ്മാന്‍, രസകരമായ കാരണമിതാണ്

സാധാരണ സിക്‌സര്‍ അടിച്ചാല്‍ ബാറ്റ്‌സ്മാന്‍ ആവേശം കൊള്ളാറാണ് പതിവ്. എന്നാല്‍ സ്വയം സിക്‌സ് അടിച്ചിട്ട് ദുഖിച്ച് തലതാഴ്ത്തി ബാറ്റ്‌സ്മാന്‍ പിച്ചിലിരുന്ന അപൂര്‍വ്വ കാഴ്ച്ച കാണേണ്ടി വന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകത്തിന്. ഇംഗ്ലണ്ടിലെ ഇല്ലിങ്‌വര്‍ത്ത് സെന്റ് മേരീസ് ക്രിക്കറ്റ് ക്ലബിലെ ആസിഫ് അലിയാണ് സിക്‌സ് അടിച്ച ശേഷം തലയില്‍ കൈവെച്ചിരുന്നത്. എന്നാല്‍ എന്തിനെന്നല്ലെ.. സ്വന്തം കാറിന്റെ പിറകുവശത്തെ ചില്ലാണ് ആസിഫ് അലി അടിച്ച് തകര്‍ത്തത്.

ഇംഗ്ലണ്ടിലെ യോര്‍ക്ഷെയറില്‍ നടന്ന ക്ലബ് ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. സെന്റ് മേരീസ് ക്രിക്കറ്റ് ക്ലബും സോവര്‍ബി സെന്റ് പീറ്റേഴ്‌സ് ക്ലബും തമ്മിലായിരുന്നു മത്സരം. ഹാലിഫാക്‌സ് ക്രിക്കറ്റ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമായിരുന്നു ഇത്.

ആസിഫ് അലിയുടെ സെന്റ് മേരീസ് ക്ലബ് തന്നെയാണു സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ കാറിന്റെ തകര്‍ന്ന ഗ്ലാസിന്റെ ചിത്രവും പുറത്തുവന്നതോടെ സംഭവം വൈറലായി. ആസിഫ് അലി 43 റണ്‍സാണെടുത്തത്. ഈ ഇന്നിങ്‌സിനിടെയാണ് ഒരു ഷോട്ട് ബൗണ്ടറി കടന്ന് ആസിഫിന്റെ തന്നെ കാറിന്റെ ചില്ല് തവിടുപൊടിയാക്കിയത്.

ഇതുകണ്ട്? തലയില്‍ കൈ വെച്ച് ക്രീസില്‍ ഇരിക്കാനേ ആസിഫിനായുള്ളു. മത്സരത്തില്‍ സെന്റ് മേരീസ് ടീം ഏഴു വിക്കറ്റിന് തോറ്റതും ആസിഫിന് ഇരട്ടി വേദനയായി.

2020 ആഗസ്റ്റില്‍ അയര്‍ലന്‍ഡിന്റെ രാജ്യാന്തര താരം കെവിന്‍ ഒബ്രയാന്‍ അടിച്ച പന്തും സ്വന്തം കാറിന്റെ ഗ്ലാസില്‍ പതിച്ചിരുന്നു. ഡബ്ലിനിലെ പെംബ്രോക് ക്രിക്കറ്റ് ക്ലബില്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് കാര്‍ നേരെയാക്കിയ ശേഷമാണ് കെവിന്‍ മടങ്ങിയത്.

You Might Also Like