; )
ബംഗളൂരു എഫ്‌സിയില്‍ നിന്ന് ഈസ്റ്റ് ബംഗാളിലേക്ക് എത്തിയ മലയാളി താരം റിനോ ആന്റോയുടെ ഭാവി തന്നെ അവതാളത്തിലേക്കാക്കി കൊണ്ട് ടീമില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ് കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍. റിനോ ഉള്‍പ്പെടെ അഞ്ചോളം താരങ്ങളോട് പുതിയ ക്ലബ് കണ്ടെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് വിവിധ ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐഎസ്എല്ലിന്റെ ഗ്ലാമര്‍ ലോകത്തെത്തിയ ഈസ്റ്റ് ബംഗാള്‍ കൂടുതല്‍ മികച്ച കളിക്കാരെയാണത്രെ പരിഗണിക്കുന്നത്. ഇതോടെ റിനോ ആന്റോ അടക്കമുളളവരുടെ ഫുട്‌ബോള്‍ ഭാവി തന്നെ ത്രിശങ്കുവിലായിരിക്കുകയാണ്. റിനോയെ കൂടാതെ കാവിന്‍ ലോബോ, കീഗന്‍ പെരേര എന്നിവരും പുറത്താക്കിയവരുടെ പട്ടികയില്‍ പെടും.
ഒരു വര്‍ഷത്തേക്കായിരുന്നു റിനോ അടക്കമുളള താരങ്ങള്‍ ഈസ്റ്റ് ബംഗാളുമായി കാര്‍ ഒപ്പിട്ടത്. ഈ സീസണില്‍ ഐഎസ്എല്‍ കളിക്കും എന്ന ഉറപ്പിന്റെ പേരിലായിരുന്നു റിനോ അടക്കമുളളവര്‍ ഈസ്റ്റ് ബംഗാളില്‍ കളിക്കാമെന്ന സമ്മതിച്ചതും.
റിനോയെ കൂടാതെ മലയാളി താരങ്ങളായ സികെ വിനീത്, മിര്‍ഷാദ്, ഇര്‍ഷാദ് എന്നിവരും ഭാവി സംബന്ധിച്ച് അനിശ്ചിതത്തിലാണ്. ഈസ്റ്റ് ബംഗള്‍ 19 അംഗ ഇന്ത്യന്‍ താരങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ മൂവരും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ല. മൂവരും ഈസ്റ്റ് ബംഗാളില്‍ ഈ സീസണില്‍ ഉണ്ടാകുമോയന്ന് കാത്തിരുന്ന് തന്നെ കാണണം.
ഏറെ നാടകീയമായിട്ടായിരുന്നു ഈ വര്‍ഷം ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ കളിക്കാന്‍ യോഗ്യത നേടിയത്. കുറഞ്ഞ സമയത്തിനുളളില്‍ പുതിയ ഇന്‍വെസ്റ്ററെ കണ്ടെത്തിയ അവര്‍ രാഷ്ട്രീയ സമ്മര്‍ദ്ദം സൃഷ്ടിച്ചായിരുന്നു ഐഎസ്എല്ലിലേക്ക് കടന്ന് വന്നത്. നിലവില്‍ മികച്ച വിദേശ താരങ്ങളെ അടക്കം ടീമിലെത്തിക്കാനുളള നീക്കമാണ് കൊല്‍ക്കത്തന്‍ ക്ലബ് നടത്തുന്നത്.