സികെ വിനീതും കൂടുമാറുന്നു, റാഞ്ചുന്നത് വമ്പന്‍ ക്ലബ്

മലയാളി സൂപ്പര്‍ താരം സി കെ വിനീത് ജംഷഡ്പൂര്‍ എഫ്‌സി വിടുന്നു. ഇതാദ്യമായി ഐഎസ്എല്‍ കളിക്കാന്‍ ഒരുങ്ങുന്ന കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളാണ് വിനീതിനെ സ്വന്തമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിനീതുമായി ഈസ്റ്റ് ബംഗാള്‍ പ്രതിനിധികള്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. വിവിധ കൊല്‍ക്കത്തന്‍ മാധ്യമങ്ങളാണ് ഇ്ക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിനീതിന്റെ വരവ് ഈസ്റ്റ് ബംഗാളിന് ഏറെ ഗുണം ചെയ്യുമെന്നാണ് ക്ലബ് വൃത്തങ്ങളുടെ വിലയിരുത്തല്‍. വിനീതിന്റെ ഐഎസ്എല്ലിലെ പരിചയ സമ്പത്ത് ടീമിന് മുതല്‍കൂട്ടാകുമെന്നും ഈസ്റ്റ് ബംഗാള്‍ വിലയിരുത്തുന്നു.

കഴിഞ്ഞ സീസണില്‍ ജംഷ്ഡ്പൂരിനായി 10 മത്സരങ്ങളാണ് വിനീത് കളിച്ചത്. എന്നാല്‍ ഒരു ഗോള്‍ മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം ഗോള്‍ നേടിയിട്ടുളള ഇന്ത്യന്‍ താരമാണ് വിനീത്. 2015 മുതല്‍ 2017 വരെ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച വിനീത് 42 മത്സരങ്ങളില്‍ മഞ്ഞകുപ്പായത്തില്‍ ഇറങ്ങി. 11 ഗോളുകളാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ 2018ല്‍ ചെന്നൈ എഫ്‌സിയിലേക്ക് കൂറുമാറിയ താരത്തിന് അവിടേയും തിളങ്ങാനായില്ല. ആറ് മത്സരം മാത്രം കളിച്ച താരം ഒരു ഗോള്‍ മാത്രമാണ് സ്വന്തമാക്കിയത്. പിന്നീടാണ് കഴിഞ്ഞ സീസണില്‍ ജംഷഡ്പൂരിലേക്ക് വിനീത് പോയത്.

You Might Also Like