അവരെപ്പോലെ എന്റെ ഹൃദയവും നുറുങ്ങുകയാണ്, കരബാവോ കപ്പ്‌ ഫൈനൽ തോൽവിയെക്കുറിച്ച് ടോട്ടനം പരിശീലകൻ

Image 3
EPLFeaturedFootball

ഈ സീസണിലെ കരബാവോ കപ്പ്‌ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനു ടോട്ടനം ഹോട്ട്സ്പറിനെ തോൽപ്പിച്ചു മാഞ്ചസ്റ്റർ സിറ്റി കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം പകുതിയിൽ പ്രതിരോധതാരം ഐമെറിക് ലപോർട്ട നേടിയ ഗോളിലാണ് സിറ്റി വിജയം സ്വന്തമാക്കിയത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം നേടണമെന്ന ടോട്ടനം ഹോട്ട്സ്പറിന്റെ പ്രതീക്ഷകളും പൊലിഞ്ഞു പോയിരിക്കുകയാണ്.

തോൽ‌വി ഹൃദയം നുറുങ്ങുന്ന വേദനയാണ് നൽകിയതെന്നു ടോട്ടനത്തിന്റെ പുതിയ താത്കാലിക പരിശീലകനായ റയാൻ മേസൺ പറഞ്ഞു. ചാമ്പ്യൻസ്‌ലീഗ് യോഗ്യത നേടാനാവാത്തതിന്റെ പരിണിതഫലമായി അടുത്തിടെയാണ് പ്രമുഖ പരിശീലകനായ ഹോസെ മൗറീഞ്ഞോയെ ടോട്ടനം പുറത്താക്കിയിരുന്നു. തോൽ‌വിയിൽ തന്റെ താരങ്ങളെപ്പോലെ മുൻതാരമായിരുന്ന തനിക്കും വലിയ നിരാശയും വേദനയുമാണ് തോന്നുന്നതെന്നും ടോട്ടനം പരിശീലകൻ പറഞ്ഞു. മത്സരശേഷം നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇത് മുറിവേറ്റപോലെയുള്ള വേദനയാണ് നൽകുന്നത്. ഞാനും അവർക്കൊപ്പം ഒരു കളിക്കാരനെ പോലെ തന്നെയാണ് ഇരുന്നത്. ഞാനും ഈ ഫുട്ബോൾ ക്ലബ്ബിനുവേണ്ടി കളിക്കുകയും ഫൈനലിൽ തോൽക്കുകയും ചെയ്തിട്ടുണ്ട്. എനിക്കറിയാം അതെങ്ങനെയായിരിക്കുമെന്ന്.”

അപ്പോഴുണ്ടാവുന്ന വികാരം എന്തെന്ന് എനിക്കു നന്നായി അറിയാം. അവർ വേദനിക്കുന്നത് സ്വഭാവികമായ കാര്യമാണ്. കാരണം അത് അവരുടെ ഉത്കണ്ഠയെയാണ്‌ കാണിക്കുന്നത്. ഈ ഒരു കൂട്ടം കളിക്കാർക്ക്‌ ഈ ക്ലബ്ബിനോട്‌ ഒരുപാട് കരുതലുണ്ട്. എനിക്കു തോന്നുന്നത് അവർ ഇന്ന്‌ കഴിവിന്റെ പരമാവധി നൽകിയിട്ടുണ്ടെന്നാണ്. നൂറു ശതമാനം പ്രതിബദ്ധത. ഞങ്ങൾ ഒരുപാട് ശ്രമിച്ചു. പക്ഷെ അത് പോരാതെ വന്നു. അത് വിഷമമുള്ള കാര്യം തന്നെയാണ്.” മേസൺ പറഞ്ഞു.