പ്രതിരോധം ശക്തമാക്കാൻ സിറ്റി, ലക്ഷ്യം ബേണ്‍മൗത്ത് സൂപ്പര്‍ താരം

Image 3
EPLFeaturedFootball

വിൻസെന്റ് കമ്പനി സിറ്റി വിട്ടതിനു ശേഷം പകരം മികച്ച ഡിഫൻഡറെ കണ്ടെത്താൻ സിറ്റിക്കിതുവരെ സാധിച്ചിട്ടില്ല. നിരന്തരം പരിക്കുകൾ മൂലം വിഷമത അനുഭവിക്കുന്ന ഐമെറിക് ലപോർട്ടെയുടെ വിടവും സിറ്റിയെ ഈ സീസണിൽ വല്ലാതെ വലച്ചിരുന്നു. എന്നാൽ അതിനു പരിഹാരമായി പുതിയ യുവ പ്രതിരോധതാരത്തെ തട്ടകത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സിറ്റി.

ലീഗിൽ 19-ാം സ്ഥാനത്തു തുടരുന്ന ബേൺമൗത്ത് രണ്ടാം ഡിവിഷനിലേക്കുള്ള തരംതാഴ്ത്തലിന്റെ വക്കിലാണ്. എന്നാൽ ബേൺമൗത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന നതാൻ അകെയെ സ്വന്തം കൂടാരത്തിലെത്തിക്കാൻ ഒരുങ്ങുകയാണ് സിറ്റി. അടുത്ത സീസണിലേക്കുള്ള സിറ്റിയുടെ പ്രതിരോധനിരക്ക് മികച്ച മുതല്കൂട്ടാവാൻ താരത്തിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017ൽ ചെൽസിയിൽ നിന്നും 20 മില്യണ് ബേൺമൗത്തിലേക്ക് ചേക്കേറിയ താരം സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ താരത്തെ 40 മില്യണ് ചെൽസിയിലേക്ക് തിരിച്ചെത്തിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ആ അവസരം സിറ്റിയുടെ കൈകളിലെത്തിയിരിക്കുകയാണ്. 35 മില്യണ് താരത്തെ മാഞ്ചസ്റ്ററിലെത്തിക്കാനുള്ള നീക്കമാണ് സിറ്റി നടത്തുന്നത്.

25 വയസുള്ള ഡച്ച് പ്രതിരോധതാരത്തിന്റെ സമ്മർദ്ദത്തിലും പന്തിലുള്ള മേൽക്കോയ്മയും ലെഫ്റ്റ് ബാക്കായും സെന്റർബാക്കായും തിളങ്ങാനുള്ള കഴിവുമാണ് പെപ് ഗാർഡിയോളയുടെ കണ്ണിലുടക്കിയിരിക്കുന്നത്. അടുത്ത സീസണിൽ താരത്തിനു ലപോർട്ടെക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് സിറ്റി കരുതുന്നത്.