ബാഴ്സ ആരാധകർക്ക് സന്തോഷവാർത്ത, മെസിക്കായുള്ള ശ്രമങ്ങളിൽ നിന്നും സിറ്റി പിൻവാങ്ങുന്നു

Image 3
FeaturedFootballLa Liga

മെസി ക്ലബ്ബ് വിടണമെന്ന ആവശ്യം ബാഴ്സയോട് അറിയിച്ചതോടെ ഭാവിയിൽ ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന ചോദ്യമാണ് ഫുട്ബോൾ ലോകത്തെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിരുന്നത്. എന്നാൽ ആ സമയത്ത് ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ക്ലബ്ബ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടേതായിരുന്നു. മെസിയെന്ന പഴയ ശിഷ്യനും പെപ്‌ ഗാർഡിയോളയെന്ന ആശാനും ഒന്നിക്കുമെന്ന അഭ്യൂഹങ്ങളാണ് ഉയർന്നു വന്നത്.

ജനുവരി ട്രാൻസ്ഫർ അടുത്തുകൊണ്ടിരിക്കുമ്പോഴും ആ അഭ്യൂഹങ്ങൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. എന്നാൽ സ്ഥിതിഗതികൾക്ക് നിലവിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമ പ്രവർത്തകനായ സെമ്ര ഹണ്ടർ സ്കൈ സ്പോർട്സിനോട് വെളിപ്പെടുത്തുന്നത്. മെസിയെ സ്വതമാക്കാനുള്ള ശ്രമത്തിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി പിന്മാറിയെന്നാണ് ഹണ്ടർ സ്കൈസ്പോർട്സിനോട് വ്യക്തമാക്കിയത്.

“മാഞ്ചസ്റ്റർസിറ്റിയുടെ നിലവിലെ സ്ഥിതി അറിയാവുന്ന അധികാരപ്പെട്ട ഒരാളിൽ നിന്നുള്ള വിവരമാണ് എന്റെ കയ്യിലുള്ളത്. മാഞ്ചസ്റ്റർ സിറ്റി ലയണൽ മെസിക്കായി ഇനി ശ്രമിച്ചേക്കില്ല. എനിക്ക് ഇന്നു കിട്ടിയ വിവരമനുസരിച്ച് ആ വാതിൽ അടച്ചുവെന്നാണ് അറിയാനാകുന്നത്.അതിനു അവരുടെ കയ്യിൽ മതിയായ കാരണങ്ങളുമുണ്ട്. ഇങ്ങനെ സംഭവിക്കാൻ രണ്ടു കാരണങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഒന്ന് മെസിയുടെ പ്രായമാണ് മറ്റൊന്നു സാമ്പത്തികവും.”

“മെസിയുടെ പ്രായത്തേക്കുറിച്ച് സംസാരിക്കുകയാണെകിൽ കരിയറിന്റെ അവസാനത്തിലേക്കടുക്കുകയാണ് അദ്ദേഹം. ഒപ്പം പതിനേഴുവർഷം മുൻപത്തെ മെസിയെയല്ല ഇപ്പോൾ കൂടെക്കൂട്ടാനൊരുങ്ങുന്നത്. വിരമിക്കലിനടുത്തെത്തി നില്കുകയാണെന്നു മെസി തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിനൊപ്പം തന്നെയുള്ളതാണ് സാമ്പത്തികമായ കാരണങ്ങളും. ഇനി മെസി ഫ്രീ ട്രാൻസ്ഫറിൽ സിറ്റിയിലേക്ക് വരുകയാണെങ്കിലും അദ്ദേഹത്തിന്റെ വേതനം വളരെ ഉയർന്നതാണ്. 100 മില്യൺ വരെ ഒരു വർഷം സമ്പാദിക്കുന്നയാളാണദ്ദേഹം. മഹാമാരിയുടെ ആഘാതത്തിൽ തുടരുന്ന ഏതു ക്ലബും ആ അമിതഭാരം ഏറ്റെടുക്കില്ല.” ഹണ്ടർ സ്കൈസ്പോർട്സിനോട് പറഞ്ഞു.