അർജന്റൈൻ സൂപ്പർതാരത്തിനായി യൂറോപ്യൻ വമ്പന്മാർ, പദ്ധതി വേറെയെന്നു സിറ്റി

Image 3
EPLFeaturedFootballUncategorized

ഇത്തവണത്തെ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ സിറ്റി ഒഴിവാക്കാൻ ശ്രമിക്കുന്ന താരമാണ് അർജന്റീന പ്രതിരോധതാരം നിക്കൊളാസ് ഒട്ടമെൻഡി. അതു മനസിലാക്കി താരത്തെ റാഞ്ചാനായി യൂറോപ്പിലെ വമ്പൻ ക്ലബുകൾ തന്നെ രംഗത്തുണ്ട്. നിലവിൽ പുറത്തു വരുന്ന വിവിധ റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനും പോർച്ചുഗീസ് ചാമ്പ്യന്മാരായ പോർട്ടോയും താരത്തിനായി രംഗത്തുണ്ടെന്നാണ്.

എന്നാൽ ഒട്ടമെൻഡിയെ പകരക്കാരനായി നൽകി സെവിയ്യ താരം ജൂൾസ് കൂണ്ടെയെ സ്വന്തമാക്കാനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നീക്കം. ഇരുപത്തിയൊന്നുകാരനായ ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകളാണ് രംഗതുള്ളത്. എന്നാൽ 65 മില്യൺ യൂറോയാണ് താരത്തിനായി സെവിയ്യ കണക്കാക്കിയിരിക്കുന്ന മൂല്യം. മുപ്പത്തിരണ്ടുകാരനായ ഒട്ടമെൻഡിയേയും നിശ്ചിത തുകയും നൽകി കൂണ്ടെയെ സ്വന്തം തട്ടകത്തിലെത്തിക്കാനാണ് സിറ്റിയുടെ ശ്രമം.

അഞ്ചു വർഷത്തെ പ്രീമിയർ ലീഗ് കരിയറിനിടയിൽ 210 മത്സരങ്ങളോളം ഒട്ടമെൻഡി സിറ്റിക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. രണ്ടു പ്രീമിയർ ലീഗ് കിരീടങ്ങളുൾപ്പെടെ ഏഴു കിരീടങ്ങൾ സിറ്റിക്കു വേണ്ടി സ്വന്തമാക്കാൻ ഒട്ടമെൻഡിക്ക് സാധിച്ചിട്ടുണ്ട്. താരത്തിനു നിലവിൽ സിറ്റിയിൽ അവസരങ്ങൾ കുറവാകുന്നതാണ് ക്ലബ്ബ് വിടാൻ പ്രേരിപ്പിക്കുന്നത് ഘടകം.

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ഒട്ടമെൻഡിയെ ഒഴിവാക്കി ജോൺ സ്റ്റോൺസിനെയും പുതിയ താരം നതാൻ അകെയെയുമാണ് ഗാർഡിയോള പ്രതിരോധത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഈ സീസണിൽ പ്രതിരോധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂണ്ടെക്കു വേണ്ടിയുള്ള ശ്രമങ്ങൾക്ക് സിറ്റി തയ്യാറാവുന്നത്. റയലും ബാഴ്സയും താത്പര്യം കാണിച്ച ജൂൾസ് കൂണ്ടെയാണ് കഴിഞ്ഞ സീസണിൽ സെവിയ്യയെ യൂറോപ്പ ലീഗ് കിരീടത്തിലേക്കു നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം.