മറ്റൊരു ക്ലബിനെ കൂടി സ്വന്തമാക്കാനൊരുങ്ങി സിറ്റി ഗ്രൂപ്പ്
ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റിയ്ക്ക് പിന്നാലെ മറ്റൊരു ക്ലബിനെ കൂടി വാങ്ങാന്‍ ഒരുങ്ങുകയാണ് പ്രമുഖ ഫുട്‌ബോള്‍ ഗ്രൂപ്പായ സിറ്റി ഗ്രൂപ്പ്. ആഫ്രിക്കയില്‍ നിന്നാണ് ഇത്തവണ സിറ്റി ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സിറ്റി ഗ്രൂപ്പിന് കീഴില്‍ 10 ക്ലബുകളാകും.
അഫ്രിക്കന്‍ അറബ് രാജ്യമായ ഈജിപ്തിലെ പിരമിഡ്‌സ് എഫ്‌സിയെയാണ സിറ്റി ഗ്രൂപ്പ് നോട്ടമിട്ടിരിക്കുന്നത്. ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുളള ഈ ടീം 12 വര്‍ഷം മുമ്പ് മാത്രം സ്ഥാപിതമായ ക്ലബാണ്. വിവിധ ആഫ്രിക്കന്‍ മാധ്യമങ്ങളാണ് പിരമിഡ് എഫ്‌സിയെ സിറ്റി ഗ്രൂപ്പ് സ്വന്തമാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഭാധനരായ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ക്ലബ് ഏറ്റെടുക്കുന്നതെന്നാണ് സിറ്റി ഗ്രൂപ്പ് വക്താവ് പറയുന്നത്.
ഒരു മാസം മുമ്പ് ബെല്‍ജിയത്തിലെ രണ്ടാ ഡിവിഷന്‍ ക്ലബായ ലോമ്മല്‍ എസ്.കെയെയും സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. സിറ്റി ഗ്രൂപ്പ് ഏറ്റെടുക്കുന്ന ഒന്‍പതാമത്തെ ക്ലബായിരുന്നു ലോമ്മല്‍ എസ്.കെ.
നേരത്തെ ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റിയേയും സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്ലബിന്റെ 70 ശതമാനം ഓഹരിയാണ് സ്ിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയത്. രണ്ടാം ഡിവിഷനിലാണെങ്കിലും തരക്കേടില്ലാത്ത പ്രകടനം നടത്തിയ ടീമാണ് ലോമ്മല്‍. ബെല്‍ജിയന്‍ ലീഗ് നിര്‍ത്തിവയ്ക്കുമ്പോള്‍ രണ്ടാെ ഡിവിഷനില്‍ ആറാം സ്ഥാനത്തായിരുന്നു ലോമ്മല്‍.
2008ല്‍ അബുദാബി രാജകുടുംബാഗമായ ഷെയ്ഖ് മന്‍സൂറിന്റെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സ്വന്തമാക്കിയതോടെയാണ് സിറ്റി ഗ്രൂപ്പിന് നല്ലകാലം തുടങ്ങിയത്. തുടര്‍ന്ന് ഓസ്ട്രേലിയ, ചൈന, ജപ്പാന്‍, സ്പെയിന്‍, അമേരിക്ക, യുറുഗ്വെ എന്നീ രാജ്യങ്ങളിലും ഇവര്‍ ഫുട്ബോള്‍ ടീമുകളെ സ്വന്തമാക്കി.