അറബിപ്പണമൊഴുക്കി സിറ്റി വീണ്ടും, അർജന്റൈൻ സൂപ്പർതാരത്തിനായി ശ്രമമാരംഭിച്ചു

Image 3
EPLFeaturedFootball

ബാഴ്സയുടെ ലക്ഷ്യമായ എറിക് ഗാർഷ്യക്കൊപ്പം ലെഫ്റ്റ് ബാക്കായ സിൻച്ചെങ്കോയും ക്ലബ്ബ് വിടാനൊരുങ്ങുന്നതോടെ പകരക്കാരനെ കണ്ടെത്താനൊരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി.അയാക്സിന്റെ അർജന്റീനിയൻ സൂപ്പർതാരം നിക്കോളാസ് ടാഗ്ലിയാഫികോയെയാണ് പെപ്പും സംഘവും നോട്ടമിട്ടിരിക്കുന്നത്.

എന്നാൽ സിൻച്ചെങ്കോ ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുമ്പേ സിറ്റി വിട്ടാലേ പുതിയ ട്രാൻസ്ഫറിന് തയ്യാറാവുകയുള്ളു. ടാഗ്ലിയാഫിക്കോ കൂടി ക്ലബ്ബ് വിടുന്നതോടെ അയാക്സിൽ നിന്നും നാലാമത്തെ സീനിയർ താരത്തെയാണ് ഡച്ച് ചാമ്പ്യന്മാർക്ക് നഷ്ടമാവുന്നത്. രണ്ടുവർഷം മുൻപേയാണ് അര്ജന്റീനിയൻ ക്ലബ്ബായ ഇൻഡിപെൻഡിയന്റെയിൽ നിന്നും താരം അയാക്സിലെത്തുന്നത്.

23 മില്യൺ യൂറോയാണ് താരത്തിനായി അയാക്സ് വിലയിട്ടിരിക്കുന്നത്. പ്രതിരോധം ശക്തമാക്കാൻ താരങ്ങളെ സ്വന്തമാക്കാനൊരുങ്ങുന്ന സിറ്റി ഇതിനകം തന്നെ ബേൺമൌത്തിൽ നിന്നും നതാൻ അകെയെയും ബെനിഫിക്കയിൽ നിന്നും റൂബൻ ഡയസിനെയും സ്വന്തമാക്കിയിരുന്നു.

അർജന്റൈൻ താരം ടാഗ്ലിയാഫിക്കയെ കൂടാതെ ബയേൺ മ്യുണിക്ക് സൂപ്പർതാരം ഡേവിഡ് അലബയും മാഞ്ചസ്റ്റർ സിറ്റിയുടെ പരിഗണനയിലുണ്ട്. ഈ വർഷാവസാനം കരാറിന്റെ കാലാവധി തീരുന്ന അലബ കരാർ ഇതുവരെ പുതുക്കാൻ തയ്യാറായിട്ടില്ല. ഫ്രീ ട്രാൻസ്ഫറിൽ താരം ക്ലബ്ബ് വിടാൻ ബയേണിനു താത്പര്യം ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ വിൽക്കാനാണ്. എന്തായാലും സിൻചേങ്കോയുടെ ട്രാൻസ്ഫറിനെ ആശ്രയിച്ചാണ് സിറ്റിയുടെ അടുത്ത ട്രാൻസ്ഫർ നീക്കങ്ങൾ മുഴുവനും.