ബാഴ്സക്ക് വെല്ലുവിളിയായി മാഞ്ചസ്റ്റർ സിറ്റി, ആഗ്വേറോയുടെ പകരക്കാരനെ കണ്ടെത്തി സിറ്റി

ഇക്കഴിഞ്ഞ സമ്മർ  ട്രാൻസ്ഫർ മുതൽ ബാഴ്സ സുവരസിനു പകരക്കാരനായി ഒരു സ്‌ട്രൈക്കർക്കായുള്ള ശ്രമത്തിലായിരുന്നു. ലിയോൺ താരം  മെംഫിസ്  ഡീപേയും പിഎസ് വി താരമായ ഡോൺയേൽ മാലനും ബാഴ്സയുടെ റഡാറിലുണ്ടായിരുന്ന ലക്ഷ്യങ്ങളാണ്. എന്നാൽ അടുത്തിടെ  സുവാരസിന്  പകരക്കാരനായി മറ്റൊരു  ഉറുഗ്വായൻ യുവതാരത്തിനെയും ബാഴ്സ പിന്തുടർന്നിരുന്നു. ഈ സമ്മർ ട്രാൻസ്ഫറിൽ  ബെൻഫിക്കയിലെത്തിയ ഡാർവിൻ നൂനസിനെയാണ് ബാഴ്സ നോട്ടമിട്ടിരുന്നത്.

  എന്നാലിപ്പോൾ ബാഴ്സക്ക് തിരിച്ചടിയായി  പ്രീമിയർ ലീഗ് വമ്പന്മാരായ  മാഞ്ചസ്റ്റർ സിറ്റിയും ഈ ഇരുപത്തൊന്നുകാരനായി ശ്രമമാരഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ  ദി ടെലിഗ്രാഫ് ആണ്  ഈ വാർത്ത പുറത്തു വീട്ടിരിക്കുന്നത്.  സിറ്റി സൂപ്പർതാരമായ സെർജിയോ അഗ്വേറോയ്ക്ക് പകരക്കാരനായാണ് പെപ്‌ ഗാർഡിയോള ഈ ഉറുഗ്വായ്ൻ താരത്തെ നോട്ടമിട്ടിരിക്കുന്നത്.

ബെൻഫിക്കക്കായി ഈ സീസണിൽ ഇതിനകം തന്നെ 5 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഉറുഗ്വായുടെ അടുത്ത കവാനിയെന്ന വിളിപ്പേര് ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. അഗ്വേറോക്ക് ഒരു ദീർഘകാല പകരക്കാരനെ തേടുന്ന സിറ്റി നൂനസിനു പ്രീമിയർ ലീഗിൽ വിജയിക്കാനാവുമെന്നാണ് കണക്കു കൂട്ടുന്നത്. 33കാരനായ അഗ്വേറൊക്ക് പുതിയ കരാർ നൽകാൻ സിറ്റി വിസമ്മതിച്ചിരിക്കുകയാണ്.

പ്രൊഫഷണൽ കരിയറിന്റെ അവസാനത്തിൽ സ്വന്തം നാടായ അർജന്റീനയിലേക്ക് മടങ്ങാനാണ് അഗ്വേറോയുടെ പദ്ധതി. തന്റെ മുൻ അർജന്റീനിയൻ ക്ലബ്ബായ ഇൻഡിപെൻഡിയന്റെക്കു വേണ്ടി കളിക്കാനുള്ള ആഗ്രഹവും അഗ്വേറോ മുൻപ് വെളിപ്പെടുത്തിയിരുന്നു. 21കാരനായ ഡാർവിൻ നൂനസിനെ ജനുവരിയിൽ തന്നെ സ്വന്തമാക്കാൻ സിറ്റി ശ്രമങ്ങളാരംഭിച്ചതോടെ സിറ്റിയുടെ എക്കാലത്തെയും ടോപ്സ്കോററായ അഗ്വേറോ സിറ്റി വിടുമെന്നുറപ്പായിരിക്കുകയാണ്.

You Might Also Like