സിറ്റിയുടെ മാസ്റ്റർ സ്ട്രോക്ക്, ചുളുവിലക്ക് സ്പാനിഷ് താരത്തെ റാഞ്ചി

Image 3
EPLFeaturedFootball

അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടം ഉറപ്പു വരുത്താനായി ട്രാൻസ്ഫർ മാർക്കറ്റിൽ ഇംഗ്ലീഷ് ക്ലബുകളുടെ പോരാട്ടം കനക്കുന്നു. സീസണു മുന്നോടിയായി ചെൽസി രണ്ടു താരങ്ങളെ സ്വന്തമാക്കി കഴിഞ്ഞപ്പോൾ അടുത്ത ഊഴം മാഞ്ചസ്റ്റർ സിറ്റിയുടേതാണ്. ബയേൺ മ്യൂണിക്കിലേക്കു ചേക്കേറിയ ജർമൻ താരം സാനേക്കു പകരക്കാരനായി സിറ്റി വലൻസിയയുടെ യുവതാരമായ ഫെറൻ ടോറസിനെ റാഞ്ചിയെന്നാണ് റിപ്പോർട്ടുകൾ.

യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളെല്ലാം സിറ്റി ട്രാൻസ്ഫർ പൂർത്തിയാക്കിയെന്നാണു റിപ്പോർട്ടു ചെയ്യുന്നത്. അടുത്ത സീസണിൽ താരത്തിന്റെ വലൻസിയ കരാർ അവസാനിക്കുമെന്നതു കൊണ്ട് വളരെ കുറഞ്ഞ തുകക്കാണ് സിറ്റി താരത്തെ സ്വന്തമാക്കിയത്. ഇരുപത്തിയഞ്ചു മില്യൺ യൂറോയും പന്ത്രണ്ടു മില്യൺ ആഡ് ഓണുമാണ് സിറ്റിയും ഇരുപതുകാരനുമായുള്ള കരാറിന്റെ തുക.

അഞ്ചു വർഷത്തെ കരാറിലാണ് സിറ്റി താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ഒരു വർഷം കൊണ്ട് ടോറസിനുണ്ടായ അത്ഭുതകരമായ വളർച്ച കൂടിയാണ് ട്രാൻസ്ഫർ കാണിക്കുന്നത്. സീസണിന്റെ തുക്കത്തിൽ വലൻസിയ പരിശീലകൻ മാഴ്സലീന്യോ വിൽക്കാനൊരുങ്ങിയ താരം ക്ലബിൽ മികവു കാണിച്ച് പെപ് ഗാർഡിയോളക്കു കീഴിലാണ് ഇനി കളിക്കാൻ ഒരുങ്ങുന്നത്.

ചാമ്പ്യൻസ് ലീഗ് വിലക്കു നീങ്ങിയതോടെ ടീമിനെ കെട്ടിപ്പടുക്കാൻ ഒരുങ്ങുന്ന സിറ്റിയുടെ ആദ്യത്തെ ട്രാൻസ്ഫർ തന്നെ വലിയ ആത്മവിശ്വാസമാണു നൽകിയിരിക്കുന്നത്. ചെറിയ തുകക്ക് ഒരു വിങ്ങറെ സ്വന്തമാക്കിയതോടെ ഇനി പ്രധാന പ്രശ്നമായ പ്രതിരോധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളുമായി സിറ്റിക്കു മുന്നോട്ടു പോകാൻ കഴിയും.