തരം താഴ്ത്തപ്പെട്ട ടീമിലെ താരത്തിനായി മാഞ്ചസ്റ്റർ സിറ്റി-ചെൽസി പോരാട്ടം

അടുത്ത സീസണിലേക്കായി ഒരു പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നത് പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ട ബോൺമൗത്ത് ടീമിലെ കളിക്കാരനായ നഥാൻ ആക്കെയെ. പ്രീമിയർ ലീഗിൽ നിന്നും ബോൺമൗത്ത് പുറത്തു പോയതു കൊണ്ടു തന്നെ ചുരുങ്ങിയ ട്രാൻസ്ഫർ ഫീസിന് ഇരുപത്തിയഞ്ചുകാരനായ ഡച്ച് താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നാണ് സിറ്റി പ്രതീക്ഷിക്കുന്നത്.

അടുത്ത സീസണു മുന്നോടിയായി രണ്ടു പ്രതിരോധ താരങ്ങൾ സിറ്റിയിൽ നിന്നും പുറത്തു പോകാൻ സാധ്യതയുണ്ട്. റയൽ ബെറ്റിസ് താൽപര്യം പ്രകടിപ്പിച്ചിട്ടുള്ള ഒട്ടമെൻഡിയാണ് അതിലൊരു കളിക്കാൻ. ഇതിനു പുറമേ ടീമിൽ സ്ഥിരമല്ലാത്ത ജോൺ സ്റ്റോൺസും പുറത്തു പോകാനിടയുണ്ട്. പുതിയ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ പെപിനെ പ്രേരിപ്പിക്കുന്ന കാര്യങ്ങളിതാണ്.

പ്രീമിയർ ലീഗിൽ ഒരുപാടു പരിചയ സമ്പത്തുള്ള ആക്കെക്ക് ലെഫ്റ്റ് ബാക്കായി കളിക്കാനും കഴിയുമെന്നതാണ് പെപിനു കൂടുതൽ താൽപര്യമുണ്ടാകാൻ കാരണം. ഏതാണ്ട് നാൽപതു ദശലക്ഷം യൂറോയോളം മൂല്യമുള്ള താരത്തിനു വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ട്. 121 മത്സരങ്ങൾ ബോൺമൗത്തിനായി കളിച്ച താരം 11 ഗോളും നേടിയിട്ടുണ്ട്‌.

അതേ സമയം ആക്കെയുടെ മുൻ ക്ലബായ ചെൽസിയുടെ വെല്ലുവിളി സിറ്റിക്ക് ഇക്കാര്യത്തിൽ മറികടക്കേണ്ടി വരും. അടുത്ത സീസണിൽ പ്രതിരോധം മെച്ചപ്പെടുത്താൻ ഒരുങ്ങുന്ന ചെൽസിക്കും താൽപര്യമുള്ള കളിക്കാരനാണ് ആക്കെ. താരവുമായി ചെൽസിക്ക് ബൈ ബാക്ക് ക്ലോസുണ്ടെന്നതും സിറ്റിക്ക് തിരിച്ചടിയാണ്.

You Might Also Like