യൂറോപ്യൻ ഗോൾഡൻ ബൂട്ട് കയ്യെത്തും ദൂരെ! ഇമ്മൊബിലെ അവിശ്വസനീയ നേട്ടത്തിനരികെ!

Image 3
Football

വെറോണയുമായി നടന്ന മത്സരത്തിൽ തകർപ്പൻ ഹാട്രിക്കോടു കൂടി 34 ഗോളുമായി സീരീ എ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ലാസിയോയുടെ ഗോളടിയന്ത്രമായ സിറോ ഇമ്മൊബിലെ. ഇതോടെ യൂറോപ്യൻ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിന്റെ റോബർട്ടോ ലെവൻഡോവ്സ്‌കിക്കൊപ്പമെത്തിയിരിക്കുകയാണ് ഈ ഇറ്റാലിയൻ സ്‌ട്രൈക്കർ.

ലാസിയോക്ക് ഇനിയും രണ്ടു മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ ബുണ്ടസ്‌ലിഗ കിരീടം നേടിയ ലെവൻഡോവ്‌സ്‌കിയെ മറികടന്നു യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടാനുള്ള മുൻ‌തൂക്കം സിറോ ഇമ്മൊബിലേക്ക് കൈവന്നിരിക്കുകയാണ്. എന്നാൽ താരത്തിനു ഭീഷണിയാണ് 31 ഗോളുകളുമായി സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയും തൊട്ടു പിറകെയുണ്ട്.

സംപഡോറിയയുമായി നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് ജയിച്ച് യുവന്റസ് മുപ്പത്തിയഞ്ചാമത് സീരീ എ കിരീടം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ആദ്യഗോൾ നേടി ക്രിസ്ത്യാനോ റൊണാൾഡോ ഗോൾനേട്ടം 31ലെത്തിച്ചിരുന്നു. എന്നാൽ പിന്നീട് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ കഴിയാഞ്ഞത് താരത്തിനു തിരിച്ചടിയായിരിക്കുകയാണ്. റൊണാൾഡോ നേടിയ പന്ത്രണ്ട് ഗോളുകൾ പെനാൽറ്റിയിൽ നിന്നായിരുന്നു.

അതേ സമയം ഇമ്മൊബിലെക്ക് മറ്റൊരു നേട്ടംകൂടി കയ്യെത്തും ദൂരത്താണ്. സിരീ എയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോർഡ് ഗോൺസാലോ ഹിഗ്വയ്ന്റെ പേരിലാണ്. 36 ഗോളുകൾ ആണ് ഹിഗ്വയ്ൻ അന്ന് നാപോളിക്ക് വേണ്ടി അടിച്ചു കൂട്ടിയത്. 2015/16 സീസണിൽ ആയിരുന്നു ഇത്. രണ്ട് ഗോളുകൾ കൂടി നേടിയാൽ ഇമ്മൊബിലേക്ക് ഈ റെക്കോർഡിനൊപ്പം എത്താം.