ലോകകപ്പ് ഫൈനലില്‍ സര്‍പ്രൈസ് ടീമുകള്‍, ഗെയിലിന്റെ അമ്പരപ്പിക്കുന്ന പ്രവചനം

ടി20 ലോകകപ്പില്‍ ഫൈനല്‍ കളിയ്ക്കുക വെസ്റ്റിന്‍ഡീസും ന്യൂസിലന്‍ഡുമാണെന്ന് പ്രവചിച്ച് ക്രിക്കറ്റിലെ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയില്‍. വലിയ താരനിരയൊന്നുമില്ലെങ്കിലും ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുമെന്നാണ് ഗെയില്‍ പ്രവചിക്കുന്നത്.
വെസ്റ്റിന്‍ഡീസ് അല്ലാതെ ഫൈനല്‍ സാധ്യതയുള്ള ടീം ഏതെന്ന ചോദ്യത്തിനായിരുന്നു ഗെയ്ലിന്റെ മറുപടി. ‘ന്യൂസിലന്‍ഡ് മികച്ച രീതിയിലാണ് കളിക്കുന്നത്. വമ്പന്‍ താരങ്ങള്‍ അധികമില്ലായിരിക്കും. ടീമെന്ന നിലയില്‍ ന്യൂസിലന്‍ഡ് മറ്റ് ടീമുകളേക്കാള്‍ ഒത്തിണക്കത്തോടെയാണ് കളിക്കുന്നത്’ ഗെയ്ല്‍ പറഞ്ഞു.
അതെസമയം ടി20 ലോകകപ്പില്‍ മോശം പ്രകടനമാണ് നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസ് കാഴ്ച്ചവെക്കുന്നത്. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ബംഗ്ലാദേശിനെതിരെ നേടിയ ഒരു ജയം മാത്രമാണ് വെസ്റ്റിന്‍ഡീസിന് സ്വന്തമായിട്ടുളളത്.
ന്യൂസിലന്‍ഡാകട്ടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യയെ നേരിടാനുളള തയ്യാറെടുപ്പിലാണ് ന്യൂസിലന്‍ഡ്. ഈ മത്സര വിജയികളാകും ടി20 ലോകകപ്പില്‍ പാകിസ്ഥാന് പിന്നാലെ സെമിയിലെത്താന്‍ സാധ്യതയുളള ടീം.