പുലര്‍ച്ചെ മൂന്നരയ്ക്ക് മുട്ടുകേട്ട് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ പന്ത്, വന്നത് മാപ്പ് പറയാന്‍, കണ്ണുനിറയിക്കുന്ന സംഭവം

Image 3
CricketTeam India

ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെ കുറിച്ച് ഹൃദയം ഉലയ്ക്കുന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ തരക് സിന്‍ഹ. ഒരിക്കല്‍ പുലര്‍ച്ചെ 3.30ന് മാപ്പു ചോദിക്കാന്‍ റിഷഭ് പന്ത് വീട്ടിലെത്തിയ സംഭവമാണ് സിന്‍ഹ വെളിപ്പെടുത്തിയത്.

പരിശീലനത്തിനിടെ വഴക്കുകേട്ട പന്ത് സിന്‍ഹയെ വിഷമിപ്പിച്ചതില്‍ ക്ഷമചോദിക്കാനാണ് പുലര്‍ച്ചെ ഒരു മണിക്കൂറോളം യാത്ര ചെയ്ത് പരിശീലകന്റെ വീട്ടിലെത്തിയതത്രെ.

ദക്ഷിണ ഡല്‍ഹിയില്‍ സോണറ്റ് ക്ലബ്ബിലെ നെറ്റ് സെഷനിടെയാണ് സിന്‍ഹയ്ക്ക് പന്തിനെ ശകാരിക്കേണ്ടിവന്നത്. ‘പിറ്റേന്ന് പുലര്‍ച്ചെ ഏതാണ്ട് മൂന്നര മണിക്ക് വീടിന്റെ വാതിലില്‍ മുട്ടുകേട്ട് ഇറങ്ങിച്ചെല്ലുമ്പോള്‍ പുറത്ത് ഋഷഭ് പന്ത്. എന്നെ വിഷമിപ്പിച്ചതുകൊണ്ട് രാത്രി ഉറങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് ക്ഷമ ചോദിക്കാനെത്തിയതാണ്. ആ സമയം എന്റെ അവസ്ഥ പറഞ്ഞറിയിക്കാനാകില്ല. അര്‍ധരാത്രി കഴിഞ്ഞ് ഒരു മണിക്കൂര്‍ യാത്ര ചെയ്ത് ക്ഷമ ചോദിക്കാനായി പന്ത് എത്തിയ സംഭവം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു’, സിന്‍ഹ പറഞ്ഞു.

അതേസമയം പന്തിനെ ഇന്ത്യയുടെ ഭാവി നായകനായി ചിലര്‍ വിലയിരുത്തന്നതില്‍ സിന്‍ഹ അതൃപ്തി പ്രകടിപ്പിച്ചു. ടീമില്‍ സ്ഥിരാംഗമാകാന്‍ കളിക്കാരനെന്ന നിലയില്‍ തന്നെ പന്ത് സ്വയം തെളിയിക്കേണ്ടതുണ്ടെന്നും യുവതാരമെന്ന നിലയില്‍ കുറച്ചുകൂടി പക്വതയാര്‍ജിച്ച ശേഷമേ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്നൊക്കെ പറയാനാകൂ എന്നും സിന്‍ഹ പറഞ്ഞു.

ക്യാപ്റ്റന്റെ ചുമതല ലഭിക്കുമ്പോള്‍ വിറയ്ക്കുന്ന ആളൊന്നുമല്ല പന്ത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി അദ്ദേഹം ഇത്തവണ നല്ല രീതിയിലാണ് ക്യാപ്റ്റന്റെ ചുമതല നിര്‍വഹിച്ചത്. മുന്‍പ് രഞ്ജി ട്രോഫിയിലും ടീമിനെ ഫൈനലിലെത്തിച്ചതും സിന്‍ഹ ചൂണ്ടിക്കാട്ടി.