ഇറ്റലിയുടെ ‘സൂപ്പർ സബിന്‌’ കളിക്കണം; സാക്ഷാൽ റൊണാൾഡോക്ക് എതിരെ

Image 3
Euro 2020

യൂറോ പ്രീക്വാർട്ടറിൽ ഓസ്ട്രിയക്കെതിരെ ‘സൂപ്പർ സബ്’ആയി ഇറങ്ങി ഗോൾ നേടി ടീമിനെ വിജയിപ്പിച്ചതോടെ ആവേശത്തിന്റെ കൊടുമുടിയിലാണ് യുവതാരം ഫെഡറിക്കോ കിയേസ. ക്വാർട്ടറിൽ സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയ്‌ക്ക് എതിരെ കളിക്കാൻ താൻ ഉറ്റു നോക്കുകയാണ് എന്നാണ് കിയേസ പറയുന്നത്.

ഇത്തവണ യൂറോയിൽ ആദ്യമായി അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ 95ആം മിനിറ്റിൽ കിയേസ നേടിയ ഗോളാണ് ഇറ്റലിക്ക് മുൻ‌തൂക്കം നൽകിയത്. റൊണാൾഡൊക്കെതിരെ ക്വാർട്ടർ ഫൈനൽ കളിക്കാൻ സാധിച്ചേക്കും എന്നത് തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്നാണ് താരം പറയുന്നത്.


റൊണാൾഡോ അടങ്ങുന്ന പോർച്ചുഗൽ ക്വാർട്ടറിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തെന്നാൽ ലോകത്തെ ഏറ്റവും മികച്ച താരമായ റൊണാൾഡോ നയിക്കുമ്പോൾ പോർച്ചുഗലിന് തോൽക്കാനാവില്ല. യുവന്റസിൽ റൊണാൾഡോയുടെ സഹതാരമായ കിയേസ പറയുന്നു.

ഓസ്ട്രിയക്കെതിരായ ഗോൾ വിവരിക്കാനാവാത്ത സന്തോഷം തരുന്നുണ്ട്. ഒട്ടും സമ്മർദ്ധമില്ലാതെ കളിക്കാനായത് കൊണ്ടാണ് അത് സാധ്യമായതെന്നും കിയേസ കൂട്ടിച്ചേർത്തു.

പ്രീക്വാർട്ടറിൽ ശക്തരായ ബെൽജിയമാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ആണ് മത്സരം.