ഫിഞ്ച് ഫ്രൈ!, അരങ്ങേറ്റം സൂപ്പറാക്കി ചേതന്‍ സക്കറിയ

ഐപിഎല്ലില്‍ എട്ട് മത്സരത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ വര്‍ഷത്തെ കണ്ടെത്തലുകളില്‍ ഒരാളായ ചേതന്‍ സക്കറിയയ്ക്ക് ഈ സീസണില്‍ ഒരു മത്സരം കളിക്കാനായത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 14 മത്സരവും കളിച്ച് താരത്തിളക്കത്തോടെ എത്തിയ സക്കറിയക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ഡഗൗട്ടില്‍ ഇരിക്കാനായിരുന്നു സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും വിധി.

താരലേലത്തില്‍ 4.2 കോടി രൂപ മുക്കി ടീമിലെത്തിച്ച സക്കറിയയെ എന്തുകൊണ്ടാണ് ഡല്‍ഹി പുറത്തിരുത്തുന്നത് എന്ന ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് സജീവമായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 8.19 എക്കണോമിയില്‍ 14 വിക്കറ്റുകളാണ് രാജസ്ഥാന്‍ റോയല്‍സിനായി ചേതന്‍ സക്കറിയ സ്വന്തമാക്കിയത്.

ഇതിന് പിന്നാലെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുകയും ചെയ്തു. ഒരു ഏകദിനത്തിലും രണ്ടു ട്വന്റി20 മത്സരത്തിലും സാക്കരിയ ഇന്ത്യന്‍ ജഴ്സി അണിഞ്ഞു. സയീദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി തുടങ്ങിയ ടൂര്‍ണമെന്റുകളിലും സാക്കരിയ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഇതിനെല്ലാം പരിഹാരമായി കൊല്‍ക്കത്തയക്കെതിരെ മത്സരത്തില്‍ ഒടുവില്‍ ചേതന്‍ സക്കറിയയെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലേക്ക് പരിഗണിയ്ക്കുകയായിരുന്നു.

ഈ സീസണിലെ അരങ്ങേറ്റം സക്കറിയ മോശമാക്കിയില്ല. സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സുള്ളപ്പോള്‍ അപകടകാരിയായ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഡല്‍ഹിയ്ക്കായി ചേതന്‍ സക്കറിയ ആദ്യ വിക്കറ്റ് കൊയ്തത്.

നേരത്തെ ഓവറിലെ രണ്ടാം പന്തില്‍ ഫിഞ്ച് ഉയര്‍ത്തിയടിച്ച പന്ത് ഡല്‍ഹി ഫീല്‍ഡര്‍ കൈവിട്ടിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ മറ്റൊരു കൂറ്റന്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ പന്ത് മിസ്സാവുകയും സ്റ്റംപ് തെറിക്കുകയും ചെയ്തു. മത്സരത്തില്‍ 7 പന്തില്‍ 3 റണ്‍സ് മാത്രമാണ് ഓസ്‌ട്രേലിയന്‍ താരം നേടിയത്.

മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ സക്കറിയ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ഫിഞ്ചിനെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ താളം നഷ്ടപ്പെട്ട കൊല്‍ക്കത്തയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 146ല്‍ ഒതുങ്ങുകയായിരുന്നു.

You Might Also Like