ഇന്ത്യന്‍ സൂപ്പര്‍ താരത്തിനെതിരെ പൊട്ടിത്തെറിച്ച് സ്റ്റെയ്‌നും, ലക്ഷ്യം മനോവീര്യം തകര്‍ക്കാനുളള ശ്രമമോ?

Image 3
CricketTeam India

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ ഇന്നിംഗ്‌സില്‍ പരാജയപ്പെട്ട ഇന്ത്യയുടെ വിശ്വസ്ത മതില്‍ ചേതേശ്വര്‍ പൂജാരയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയിന്‍ സ്റ്റെയിന്‍. സ്‌ട്രൈക്ക് കൈമാറാന്‍ പൂജാര സാഹസപ്പെടുന്നതാണ് സ്റ്റെയ്‌നെ ചൊടിപ്പിക്കുന്നത്.

‘മത്സരത്തില്‍ പൂജാര 50 ബോളുകള്‍ നേരിട്ടു. അദ്ദേഹം ഈ തരത്തിലുള്ള ഒരു ബാറ്റ്സ്മാനാണെന്ന് നമുക്കറിയാം. എന്നാല്‍ വീഡിയോ നോക്കിയാല്‍ കുറച്ചു കൂടി മികച്ച രീതിയില്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിയുമായിരുന്ന പന്തുകളാണ് താന്‍ നേരിട്ടതെന്ന് അദ്ദേഹത്തിന് മനസിലാകും. ആ 50 പന്തുകളില്‍ അദ്ദേഹത്തിന് കൂടുതല്‍ മികച്ച രീതിയില്‍ സ്ട്രൈക്ക് കൈമാറാനും, ടീമിന്റേയും തന്റേയും സ്‌കോറിംഗ് വേഗം ഉയര്‍ത്താനും കഴിയുമായിരുന്നു’ സ്റ്റെയിന്‍ പറഞ്ഞു.

നേരത്തെ ഓസീസ് സൂപ്പര്‍ താരം ബ്രാഡ് ഹോഡും പൂജാരയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

മത്സരത്തില്‍ പുജാര നിലയുറപ്പിച്ച് വരികയായിരുന്നെങ്കിലും ട്രന്റ് ബോള്‍ട്ടിന്റെ ഇന്‍സ്വിംഗറില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്താവുകയായിരുന്നു. 54 പന്തില്‍ എട്ട് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ബൗണ്‍സറുകളെ ചെറുക്കുന്നതില്‍ പരാജയപ്പെടുന്ന പൂജാരയെയും ഗ്രൗണ്ടില്‍ കാണാനായി. രണ്ട് തവണ പൂജാരയുടെ ഹെല്‍മറ്റില്‍ പന്ത് കൊണ്ടിരുന്നു.

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം 217 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് രണ്ടിന് 101 റണ്‍സ് എന്ന നിലയിലാണ്.