ഇത് ലോകകപ്പ് തന്നെയാണ്, ആകാംക്ഷയോടെയാണ് ടീം ഇന്ത്യ കാത്തിരിക്കുന്നത്, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

Image 3
CricketTeam India

ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ലോകകപ്പ് പോലെ തന്നെ പ്രാധാന്യമുളള ടൂര്‍ണമെന്റാണെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ആവേശത്തോടൊപ്പം ആകാംക്ഷയോടേയുമാണ് ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ കാത്തിരിക്കുന്നതെന്നും പൂജാര കൂട്ടിചേര്‍ത്തു.

‘ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജയിക്കുകയെന്നത് ടീമംഗങ്ങളുടെ സ്വപ്നമാണ്. ലോകകപ്പ് ഫൈനലിനോളം പ്രാധാന്യമുണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്. ആകാംക്ഷയോടെയാണ് ഓരോ താരങ്ങളും കാത്തിരിക്കുന്നത്.” പൂജാര വ്യക്തമാക്കി.

ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പര നേടാനായതിലെ സന്തോഷവും പൂജാര വെളിപ്പെടുത്തി.

‘ഓസ്ട്രേലിയക്കെതിരെ കളിക്കുന്ന ഓരോ പരമ്പരയും വെല്ലുവിളിയേറിയതാണ്. ഓരോന്നും പ്രധാനപ്പെട്ടതാണ്. ആ നിലയില്‍ 2018 പരമ്പരയാണ് എനിക്ക് സ്പെഷ്യലായിട്ട് തോന്നിയത്. ശരിയാണ് അവസാനം കളിച്ച പരമ്പരയ്ക്കും വലിയ മൂല്യമുണ്ട്. കാരണം ചില സീനിയര്‍ താരങ്ങള്‍ക്ക് കളിക്കാനായില്ല. എന്നിട്ടും ഞങ്ങള്‍ പരമ്പര സ്വന്തമാക്കി’ പൂജാര പറഞ്ഞു.

‘ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം ദുര്‍ബലമായിരുന്നു. അതിനാല്‍ തന്നെ ആ പരമ്പര നേട്ടം വലുതായിരുന്നു. വ്യക്തിപരമായും ഒരുപാട് സംതൃപ്തി നല്‍കുന്ന പരമ്പരയാണത്. രണ്ട് പരമ്പരയ്ക്ക് മുമ്പും ഞാന്‍ കഠിനാധ്വാനം ചെയ്തിരുന്നു. അത് ഫലവത്താവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് അറ്റാക്കുകളില്‍ ഒന്നാണ് ഓസ്ട്രേലിയയുടേത്. അവര്‍ക്കെതിര നന്നായി കളിക്കുവാന്‍ സാധിക്കുകയെന്നത് വലിയ നേട്ടം തന്നെയാണ്.’ പൂജാര പറഞ്ഞുനിര്‍ത്തി.

അടുത്തമാസം 18നാണ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടിലെ സതാംപ്ടണാനാണ് ഫൈനല്‍ മത്സരത്തില്‍ വേദിയാകുന്നത്.