പൂജാരയും അക്കാര്യം തീരുമാനിച്ചു, ഉനാദ്കടിനും സക്കറിയക്കുമെല്ലാം കോളടിച്ചു

Image 3
CricketTeam India

അജിങ്ക്യ രഹാനയ്ക്ക് പിന്നാലെ ഇന്ത്യന്‍ സീനിയര്‍ താരം ചേതേശ്വര്‍ പൂജാരയും രഞ്ജി ട്രോഫി കളിക്കാന്‍ ഒരുങ്ങുന്നു. സൗരാഷ്ട്ര ടീമിലാണ് പൂജാര കളിയ്ക്കുന്നത്. സൗരാഷ്ട്രയുടെ 21 അംഗ സ്‌ക്വാഡിലാണ് ഇന്ത്യന്‍ താരം ഇടം നേടിയത്.

സമീപകാലത്തായി മോശം പ്രകടനങ്ങള്‍ നടത്തുന്ന താരം ഫോമിലേക്ക് തിരികെയെത്താനാണ് രഞ്ജി കളിക്കാന്‍ തീരുമാനിച്ചത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഫോം വീണ്ടെടുക്കാന്‍ രഞ്ജി ട്രോഫി കളിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ഈ മാസം 10നാണ് രഞ്ജി ട്രോഫി ആരംഭിക്കുക. എലീറ്റ് ഗ്രൂപ്പ് ഡിയിലാണ് സൗരാഷ്ട്ര ഉള്‍പ്പെട്ടിരിക്കുന്നത്. 41 തവണ രഞ്ജി ചാമ്പ്യന്മാരായ മുംബൈക്കൊപ്പമാണ് സൗരാഷ്ട്ര. ഒഡീഷ, ഗോവ എന്നീ ടീമുകളാണ് ഗ്രൂപ്പില്‍ ബാക്കിയുള്ളത്. പേസര്‍ ജയദേവ് ഉനദ്കട്ട് ടീമിനെ നയിക്കും. ഐപിഎലില്‍ തിളങ്ങിയ ചേതന്‍ സക്കരിയയും ടീമില്‍ ഉണ്ട്.

മുംബൈ ടീമിനു വേണ്ടിയാണ് രഹാനെ പാഡണിയുക. യുവ താരം പൃത്ഥ്വി ഷാ ആണ് മുംബൈ ക്യാപ്റ്റന്‍. സമീപകാലത്തായി രഹാനെയും മോശം ഫോമിലാണ്.

രഞ്ജി ട്രോഫി സീസണ്‍ രണ്ട് ഘട്ടമായാണ് നടത്തുക. ഐപിഎലിനു മുന്‍പും ശേഷവുമായിട്ടാവും ടൂര്‍ണമെന്റ് നടത്തുക. ഫെബ്രുവരി രണ്ടാം വാരം രഞ്ജി ആരംഭിക്കും. ഐപിഎല്‍ ആരംഭിക്കുന്നതോടെ മത്സരങ്ങള്‍ മാറ്റിവച്ച് ഐപിഎലിനു ശേഷം ബാക്കി മത്സരങ്ങള്‍ നടത്തും. ജനുവരി 13നാണ് രഞ്ജി ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ടൂര്‍ണമെന്റ് മാറ്റിവെക്കുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ ലീഗ് മത്സരങ്ങളും രണ്ടാം ഘട്ടത്തില്‍ നോക്കൗട്ട് മത്സരങ്ങളും നടക്കും. ജൂണിലാവും നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി നടന്നിരുന്നില്ല.

സൗരാഷ്ട്ര രഞ്ജി ടീം: Jaydev Unadkat (Captain), Cheteshwar Pujara, Sheldon Jackosn, Arpit Vasavada, Chirag Jani, Kamlesh Makwana, Dharmendrasinh Jadeja, Chetan Sakariya, Prerak Mankad, Vishvarajsinh Jadeja, Harvik Desai, Kevin Jivrajani, Kushang Patel, Jay Chauhan, Samarth Vyas, Parthkumar Bhut, Yuvrajsinh Chudasama, Devang Karamta, Snell Patel, Kishan Parmar and Aditya Jadeja.