ഞാനാകെ തകര്‍ന്ന് പോയി, പൊട്ടിക്കരയാതിരിക്കാന്‍ എനിക്കാകുമായിരുന്നില്ല, വെളിപ്പെടുത്തി പൂജാര

ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇന്ത്യ ഉറ്റുനോക്കുന്നത് പലപ്പോഴും ഒരാളിലേക്കായിരിക്കും. അത് മറ്റാരുമല്ല ഇന്ത്യയുടെ വന്‍ മതില്‍ ചേതേശ്വര്‍ പൂജാരയാണ്. എത്ര പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നാലും ക്രീസില്‍ പറപോലെ ഉറച്ച് നിന്ന് പൂജാര നല്‍കുന്ന ആത്മവിശ്വാസം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ ഉയര്‍ത്തെഴുന്നേല്‍പിന്റെ കഥകള്‍ ഒരുപാട് പറയാനുണ്ട്.

എന്നാല്‍ കരിയറിനിടെ താനാകെ തകര്‍ന്ന് പോയ ഒരു സന്ദര്‍ഭം വെളിപ്പെടുത്തിയിരിക്കുകയാണ് പൂജാരയിപ്പോള്‍. കരിയനിനെ സംഭവിച്ച പരിക്കും തുടര്‍ന്ന് നിയന്ത്രണം വിട്ട് താന്‍ പൊട്ടിക്കരഞ്ഞതുമാണ് പൂജാര വെളിപ്പെടുത്തുന്നത്. തന്റെ ജീവിതത്തിലെ ത്‌ന്നെ ഏറ്റവും മോശം സമയമെന്നാണ് ആ കാലഘട്ടത്തെ പൂജാര വിശേഷിപ്പിക്കുന്നത്.

‘എനിക്ക് ആദ്യമായി പരിക്കേറ്റതിന് ശേഷം അതില്‍ നിന്ന് മുക്തനാവാനെടുത്ത സമയമായിരുന്നു കരിയറിലെ ഏറ്റവും മോശം സമയം. ടീം ഫിസിയോ വന്ന് പരിക്കിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് പറയുകയും ആറ് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് അറിയിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. കരയാന്‍ തുടങ്ങി. ആ സമയത്ത് നെഗറ്റീവ് മനോഭാവത്തിലായിരുന്നു ഞാന്‍. വീണ്ടും കളിക്കാനാവുമോയ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാവുമോ എന്നൊക്കെയായിരുന്നു എന്റെ ഭയം’ പുജാര പറഞ്ഞു.

എന്നാല്‍ പിന്നീട് സുഹൃത്തുക്കളും കുടുംബക്കാരും നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നത് നിര്‍ത്തിയെന്നും നിലവിലെ അവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയെന്നും പുജാര പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ പുജാരയെന്നത് നിര്‍ണ്ണായക ഘടകമാണ്. ഒരുപക്ഷെ പലപ്പോഴും നായകന്‍ വിരാട് കോഹ്ലിയേക്കാളും ടീം ആശ്രയിക്കുന്ന താരമായി പുജാര മാറിയിട്ടുണ്ട്. എന്നാല്‍ ടെസ്റ്റില്‍ മാത്രമാണ് താരത്തിന് മികവ് കാട്ടാനായത്. ഇന്ത്യയുടെ ഏകദിന ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും തിളങ്ങാന്‍ പുജാരയ്ക്ക് സാധിച്ചിരുന്നില്ല.

അതെസമയം ഈ സീസണില്‍ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക ശേഷം ഐപിഎല്‍ ടീമില്‍ ഉള്‍പ്പെടാന്‍ പൂജാരയ്ക്കായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് അടിസ്ഥാന വിലയായ 50 ലക്ഷം രൂപ മുടക്കി പൂജാരയെ ടീമിലെടുത്തത്. എന്നാല്‍ കളിക്കാന്‍ ഇതുവരെ അവസരം നല്‍കിയിരുന്നില്ല.

You Might Also Like