മറ്റൊരു താരം കൂടി പുറത്തേക്ക്, ബ്ലാസ്റ്റേഴ്‌സ് താരത്തെ എതിരാളികൾ സ്വന്തമാക്കി

Image 3
ISL

പുതിയ പരിശീലകൻ എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് അഴിച്ചുപണികൾക്ക് വിധേയമാവുകയാണ്. ഇവാൻ വുകോമനോവിച്ചിൽ നിന്നും വ്യത്യസ്‌തമായ ശൈലി അവലംബിക്കുന്ന പരിശീലകൻ ആയതിനാൽ തന്നെ ഇപ്പോൾ ടീമിനൊപ്പമുള്ള പല താരങ്ങളും അദ്ദേഹത്തിന് സ്വീകാര്യമായേക്കില്ല. അതുകൊണ്ടാണ് സ്റ്റാറെയുടെ കീഴിൽ ടീമിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുന്നത് മധ്യനിര താരമായ ഡാനിഷ് ഫാറൂഖാണ്. ഇരുപത്തിയെട്ടുകാരനായ താരത്തെ ചെന്നൈയിൻ എഫ്‌സിയാണ് സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ ചെന്നൈയിൻ ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഡാനിഷ് ഫാറൂഖ് കഴിഞ്ഞ സീസണിന് മുന്നോടിയായാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ വമ്പൻ പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും താരത്തിന്റെ ഗോളുകൾ ടീമിനെ രക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ രണ്ടു ഗോളുകൾ സ്വന്തമാക്കിയ താരം ടീമിനായി സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ഇന്ത്യൻ താരമാണ്.

എന്നാൽ ഡാനിഷിന്റെ ശൈലി സ്റ്റാറെയുടെ പദ്ധതികൾക്ക് അനുയോജ്യമല്ലെന്നാണ് താരത്തെ ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്നും അനുമാനിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നു. എന്തായാലും മികച്ച പ്രകടനം നടത്താൻ കഴിയാത്തതിനാൽ ആരാധകരും താരം ടീം വിടണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.