ചെന്നൈയ്ക്ക് വന്‍ തിരിച്ചടി, കൈവിട്ട് സ്‌പോണ്‍സര്‍മാര്‍, വാല്യുവും ഇടിഞ്ഞു

മഹേന്ദ്ര സിംഗ് ധോണിയെ പോസ്റ്റര്‍ ബോയ് ആക്കി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം അടക്കി വാണ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇതാദ്യമായി തിരിച്ചടി. ദീര്‍ഘകാലമായി ഐപിഎല്ലില്‍ ചെന്നൈയുടെ ടൈറ്റില്‍ സ്‌പോണ്‍സറായ മുത്തൂറ്റ് പിന്മാറി.
പിന്നാലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ സ്‌കോഡ 25 കോടി രൂപയ്ക്ക് ടൈറ്റില്‍ സ്‌പോണ്‍സര്‍ ആവാന്‍ തയ്യാറായെങ്കിലും പിന്നീട് അവരുടം പിന്മാറുകയായിരുന്നു. നിലവില്‍ ഓണ്‍ലൈന്‍ ഫാഷന്‍ കമ്പനിയായ മിന്ത്ര ടൈറ്റില്‍ സ്‌പോണ്‍സറായി എന്നും സൂചനയുണ്ട്.
മിന്ത്രയും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി 22-23 കോടി രൂപയുടെ കരാര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ഒരു സീസണില്‍ ചെന്നൈയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ തുക ഇങ്ങനെ ഇടിയുന്നത്.
”ഐപിഎല്‍ എന്നാല്‍ പെര്‍ഫോമന്‍സാണ്. ചെന്നൈ നന്നായി കളിച്ചുകൊണ്ടിരുന്നപ്പോള്‍, ധോണി ലോകത്തിന്റെ നെറുകയിലായിരിക്കുമ്പോള്‍, ബ്രാന്‍ഡുകള്‍ ചെന്നൈയുടെ സ്‌പോണ്‍സര്‍ ആവാന്‍ വരിനിന്നു. പ്രകടനം മോശമായപ്പോള്‍, ധോണി വിരമിച്ചപ്പോള്‍ ചെന്നൈക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടിലായി.”- ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് വിദഗ്ധന്‍ പറഞ്ഞതായി ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ആദ്യമായി ചെന്നൈ പ്ലേ ഓഫ് യോഗ്യത നേടാനാവാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെ ചെന്നൈയുടെ ബ്രാന്‍ഡ് വാല്യു ഇടിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.