ധോണി ഇതിഹാസമേ.. അത്തറ് മണക്കുന്ന ഐപിഎല്‍ കിരീടം ചെന്നൈയ്ക്ക്

Image 3
CricketIPL

ഐപിഎല്‍ 14ാം സീസണ്‍ കിരീടം മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്. ദുബൈയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഇയാന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിന് തകര്‍ത്താണ് ചെന്നൈയുടെ നാലാം ഐപിഎല്‍ കിരീടം.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് വിക്കറ്റിന് 192 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എടുക്കാനെ ആയുളളു.

കൊല്‍ക്കത്തയ്ക്ക് പതിവ് പോലെ തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ വെങ്കിടേഷ് അയ്യരും ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി. വെങ്കിടേഷ് അയ്യര്‍ 32 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സെടുത്തപ്പോള്‍ ഗില്‍ 43 പന്തില്‍ ആറ് ഫോര്‍ സഹിതം 51 റണ്‍സാണ് സ്വന്തമാക്കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 10.4 ഓവറില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

എന്നാല്‍ പതിവ് പോലെ മധ്യനിര കൂട്ടതകര്‍ച്ചയ്ക്ക് ഇരയാകുകയായിരുന്നു. നിതീഷ് റാണ (0), സുനില്‍ നരെയെന്‍ (2), ഇയാന്‍ മോര്‍ഗന്‍ (4), ദിനേഷ് കാര്‍ത്തിക് (9), ഷാക്കിബ് അല്‍ ഹസന്‍ (0), രാഹുല്‍ ത്രിപാതി (2) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. രണ്ടക്കം തികയ്ക്കാന്‍ പോലും ഇവര്‍ക്കാര്‍ക്കും ആയില്ല. ഒന്‍പതാം വിക്കറ്റില്‍ ശിവന്‍ മാവി 20 റണ്‍സും ലോക്കി ഫെര്‍ഗ്യൂസണ്‍ 18 റണ്‍സും നേടിയത് കൊല്‍ക്കത്തയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചു.

ചെന്നൈയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുല്‍ താക്കൂറാണ് കൊല്‍ക്കത്തന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. അവസാന ഓവര്‍ ഒവികെ മികച്ച ബൗളിംഗ് പ്രകടനമാണ് താക്കൂര്‍ കാഴ്ച്ചവെച്ചത്. ജോഷ് ഹസിന്‍വുഡും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദീപ് ചഹര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഫാഫ് ഡൂപ്ലെസിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി കരുത്തിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. 59 പന്തില്‍ 86 റണ്‍സെടുത്ത ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റോബിന്‍ ഉത്തപ്പഞീയശി ഡവേമുുമ)(15 പന്തില്‍ 31) റുതുരാജ് ഗെയ്ക്വാദ(27 പന്തില്‍ 32), മൊയീന്‍ അലി(20 പന്തില്‍ 37) എന്നിവരും ചെന്നൈ സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി.

പതിവുപോലെ ഷാക്കിബ് അല്‍ ഹസനാണ് കൊല്‍ക്കത്തക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. നാലാം പന്ത് ബൗണ്ടറി കടത്തി റുതുരാജ് ഗെയ്ക്വാദ് ചെന്നൈയുടെ ആദ്യ ബൗണ്ടറി നേടി. ഷാക്കിബ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ഫാഫ് ഡൂപ്ലെസിയെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരം ദിനേശ് കാര്‍ത്തിക് നഷ്ടമാക്കിയതിനെ കൊല്‍ക്കത്ത വലിയ വിലകൊടുക്കേണ്ടിവന്നു. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സടിച്ച ഡൂപ്ലെസിയും ഗെയ്ക്വാദും ചേര്‍ന്ന് വമ്പന്‍ സ്‌കോറിനുള്ള അടിത്തറയിട്ടു.

പവര്‍പ്ലേക്ക് പിന്നാലെ നിലുയറപ്പിച്ച ഗെയ്ക്വാദിനെ(32) മടക്കി സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തക്ക് ആദ്യം ബ്രേക്ക് ത്രൂ സമ്മാനിച്ചെങ്കിലും ആശ്വാസം അധികം നീണ്ടില്ല. വണ്‍ ഡൗണായെത്തിയ റോബിന്‍ ഉത്തപ്പ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്നപ്പോള്‍ ചെന്നൈ സ്‌കോര്‍ വീണ്ടും കുതിച്ചു. 30 പന്തില്‍ 35 റണ്‍സെടുത്തിരുന്ന ഡൂപ്ലെസി അടുത്ത അഞ്ച് പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ഇതിന് പിന്നാലെ പതിനൊന്നാം ഓവറില്‍ ചെന്നൈ സ്‌കോര്‍ 100 പിന്നിട്ടു. കൊല്‍ക്കത്തയുടെ തുരുപ്പുചീട്ടുകളായ സുനില്‍ നരെയ്‌നെയും വരുണ്‍ ചക്രവര്‍ത്തിയെയും സിക്‌സിന് പറത്തിയ ഉത്തപ്പ ഒടുവില്‍ നരെയ്‌ന് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പതിനാലാം ഓവറില്‍ ഉത്തപ്പയെ നഷ്ടമാവുമ്പോള്‍ ചെന്നൈ സ്‌കോര്‍ 124 റണ്‍സിലെത്തിയിരുന്നു.

അവസാന ഓവറുകളില്‍ ഡൂപ്ലെസിക്കൊപ്പം മൊയീന്‍ അലിയും തകര്‍ത്തടിച്ചതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. പതിനഞ്ചാം ഓവറില്‍ 131 റണ്‍സിലെത്തിയ ചെന്നൈ അവസാന അഞ്ചോവറില്‍ 61 റണ്‍സ് കൂടി അടിച്ചുകൂട്ടി 192 റണ്‍സിലേക്ക് കുതിച്ചു. ലോക്കി പെര്‍ഗൂസന്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 19 റണ്‍സും വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ പത്തൊമ്പതാം ഓവരില്‍ 13 റണ്‍സുമെടുത്ത ചെന്നൈക്ക് ശിവം മാവിയുടെ അവസാന ഓവറില്‍ ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്കും ഷാക്കിബിനും വിക്കറ്റൊന്നും ലഭിച്ചില്ല. നാലോവറില്‍ 56 റണ്‍സ് വഴങ്ങിയ ലോക്കി ഫെര്‍ഗൂസനും നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത ചക്രവര്‍ത്തിയും മൂന്നോവറില്‍ 33 റണ്‍സ് വഴങ്ങിയ ഷാക്കിബും തീര്‍ത്തും നിറം മങ്ങിയത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി.

നേരത്തെ കിരീടപ്പോരില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിക്കെതിരെ ആദ്യ ക്വാളിഫയര്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്തയും ചെന്നൈയും ഫൈനലിനിറങ്ങിയത്.